ലൈറ്റ് മെട്രോ: ഡി.എം.ആര്‍.സി ഓഫിസുകള്‍ പൂട്ടുന്നത് സംസ്ഥാനത്തിന് തിരിച്ചടി
text_fieldsതിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കോഴിക്കോട്ടും ആരംഭിച്ച ഡി.എം.ആര്‍.സി ഓഫിസുകള്‍ പൂട്ടാനുള്ള തീരുമാനം സംസ്ഥാനത്തിന് തിരിച്ചടിയാകും. പദ്ധതി സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ കോര്‍പറേറ്റ് ഓഫിസിന്‍െറ നിര്‍ദേശപ്രകാരമാണ് ഓഫിസുകള്‍ നിര്‍ത്തുന്നത്. എന്നാല്‍, കോഴിക്കോട് മേല്‍പാലത്തിന്‍െറ നിര്‍മാണചുമതല ഡി.എം.ആര്‍.സിക്കായതിനാല്‍ ഈ ഓഫിസ് ഉടന്‍ പൂട്ടില്ളെന്നാണ് വിവരം. അതേസമയം, തിരുവനന്തപുരം ഓഫിസ് വൈകാതെ പൂട്ടും. ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് പത്തിലേറെ തവണ ചര്‍ച്ചകള്‍ നടന്നിട്ടും തീരുമാനമായിരുന്നില്ല.
പദ്ധതിനിര്‍വഹണത്തില്‍ നിന്ന് ഡി.എം.ആര്‍.സിയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇതിന്‍െറ ഭാഗമായാണ് നടപടി ക്രമങ്ങള്‍ വൈകുന്നതെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ 12നാണ് പദ്ധതി സംബന്ധിച്ച് ഡി.എം.ആര്‍.സി തയാറാക്കിയ വിശദപഠന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്. ഇതിനൊപ്പം നല്‍കിയ കുറിപ്പിലാകട്ടെ പദ്ധതി നിര്‍വഹണചുമതല ഡി.എം.ആര്‍.സിക്ക് നല്‍കുന്നത് സംബന്ധിച്ച വ്യക്തമായ പരാമര്‍ശങ്ങളൊന്നുമുണ്ടായിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഡി.എം.ആര്‍.സി ഓഫിസ് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറങ്ങിയത്. നിര്‍മാണനടപടികള്‍ സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ പദ്ധതിക്കായി ഡി.എം.ആര്‍.സി തിരുവനന്തപുരത്തും കോഴിക്കോട്ടും തുറന്ന ഓഫിസുകള്‍ക്ക് കാര്യമായ പണിയൊന്നുമുണ്ടായിരുന്നില്ല. 20 ഓളം ഉദ്യോഗസ്ഥരാണ് രണ്ടു ഓഫിസിലുമായുള്ളത്.
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോക്കായി 6728 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടാണ് ഡി.എം.ആര്‍.സി തയാറാക്കിയിരുന്നത്. കൊച്ചി മെട്രോ നടപ്പാക്കുന്ന രീതിയില്‍ സംസ്ഥാനസര്‍ക്കാറിന്‍െറയും കേന്ദ്രസര്‍ക്കാറിന്‍െറയും സംയുക്തസംരംഭമായി പദ്ധതി നടപ്പാക്കാനായിരുന്നു ആലോചന. സംസ്ഥാനം 20 ശതമാനം, കേന്ദ്രം 20 ശതമാനം, വായ്പ 60 ശതമാനം എന്നിങ്ങനെയാണ് പദ്ധതിതുക വിഭാവനംചെയ്തിരുന്നത്.
ഡി.എം.ആര്‍.സി.യുടെ പഠന റിപ്പോര്‍ട്ടനുസരിച്ച്, ലൈറ്റ്മെട്രോ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് തിരുവനന്തപുരത്ത് 4219 കോടി രൂപയും കോഴിക്കോട് 2509 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കരമന മുതല്‍ ടെക്നോസിറ്റി വരെ 21.82 കിലോമീറ്ററാണ് പദ്ധതി. കോഴിക്കോട്ട് മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ 13.30 കിലോമീറ്ററാണ് ലൈറ്റ് മെട്രോയുടെ ദൈര്‍ഘ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
