അധ്യാപക പാക്കേജ് ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsകൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അധ്യാപക പാക്കേജ് ഹൈകോടതി സ്റ്റേ ചെയ്തു. 2015 ആഗസ്റ്റ് ആറിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ജസ്റ്റിസ് എ. ജയശങ്കരന്‍ നമ്പ്യാര്‍ രണ്ടുമാസത്തേക്കാണ് സ്റ്റേ ചെയ്തത്. എട്ട് സ്കൂള്‍ മാനേജര്‍മാര്‍ നല്‍കിയ ഹര്‍ജികളിലാണ് സിംഗ്ള്‍ ബെഞ്ചിന്‍െറ ഇടക്കാല ഉത്തരവ്. എതിര്‍കക്ഷികളായ സര്‍ക്കാറിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. പാക്കേജിലെ ചില വ്യവസ്ഥകള്‍ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന് വിരുദ്ധവും മാനേജ്മെന്‍റുകളുടെ അധികാരത്തിലുള്ള കടന്നു കയറ്റവുമാണെന്ന വാദം കോടതി പ്രഥമദൃഷ്ട്യാ അംഗീകരിച്ചു.
സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ ആശയക്കുഴപ്പമുണ്ടെന്നും നിയമനം സംബന്ധിച്ച കേന്ദ്രനിയമവുമായി പൊരുത്തപ്പെടുന്നില്ളെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. 2014ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ 26ാം വകുപ്പ് പ്രകാരം കുട്ടികളുടെ അനുപാതം അനുസരിച്ച് അധ്യാപകരെ നിയമിക്കാന്‍ മാനേജര്‍മാര്‍ക്കാണ് അധികാരമെന്നു ഹര്‍ജിക്കാര്‍ വാദിച്ചു.അധികം അനുവദിക്കുന്ന ബാച്ചുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:45 ആയിരിക്കുമെന്ന അധ്യാപക പാക്കേജിലെ വ്യവസ്ഥ നിയമപരമല്ല. മുന്‍കൂര്‍ അനുമതിയില്ലാതെ നിയമനം നടത്തരുതെന്ന വാദം നിയമപരമായി നിലനില്‍ക്കില്ളെന്ന വാദവും പ്രാഥമികമായി ഹൈകോടതി ശരിവെച്ചു.
കേരള വിദ്യാഭ്യാസ നിയമത്തിലെ 2014ലെ ഭേദഗതി പ്രകാരം ജൂലൈ 15ന് ശേഷം സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവുകള്‍ ഇറക്കാന്‍ പാടില്ല. വര്‍ധിപ്പിക്കുന്ന ഡിവിഷനുകളില്‍ നിയമിക്കുന്ന അധ്യാപകരെ പ്രൊട്ടക്ടഡ് അധ്യാപകരായി കണക്കാക്കുന്നില്ല. എന്നാല്‍ വിരമിക്കല്‍, മരണം തുടങ്ങിയവമൂലം ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമിക്കുന്നവരെ പ്രൊട്ടക്ടഡായി കണക്കാക്കുകയും ചെയ്യുന്നു. മുമ്പ് കോടതി സ്റ്റേ ചെയ്ത ഉത്തരവിലെ 3,4,5 ഖണ്ഡികകളാണ് പുതിയ ഉത്തരവിലും ഉള്‍പ്പെടുത്തിയതെന്നും ഹരജിക്കാര്‍ വാദിച്ചു. കേസ് ഓണാവധിക്കുശേഷം പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
