ബാര്‍ കോഴ: മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന എസ്.പിയുടെ റിപ്പോര്‍ട്ട് പുറത്ത്
text_fieldsതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ അഴിമതി നിരോധ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശിപാര്‍ശ ചെയ്യുന്ന വസ്തുതാ റിപ്പോര്‍ട്ട് പുറത്ത്. മാണി കോഴ വാങ്ങിയതിന് സാഹചര്യത്തെളിവുകള്‍ക്കുപുറമെ മൊഴികളുമുണ്ടെന്ന് വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഴിമതി നിരോധ നിയമത്തിലെ 7, 13(1)(ഡി), 13(2) വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി തേടിയാണ് അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുകേശന്‍െറ നിഗമനങ്ങള്‍ നേരത്തേ വിജിലന്‍സ് നിയമോപദേശകന്‍ തള്ളിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ഉന്നത നിയമവിദഗ്ധരുടെ ഉപദേശം തേടി. അറ്റോണി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ മാണിക്കെതിരെ കേസ് നിലനില്‍ക്കില്ളെന്ന ഉപദേശം നല്‍കിയതോടെ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കുകയായിരുന്നു.
പാലായിലെ വീട്ടില്‍ വെച്ച് 15 ലക്ഷവും ഒൗദ്യോഗിക വസതിയില്‍ വെച്ച് 10 ലക്ഷവും കൈമാറിയതിന് തെളിവുണ്ടെന്നാണ് കണ്ടത്തെല്‍. 2014 മാര്‍ച്ച് 26ലെ മന്ത്രിസഭാ യോഗത്തില്‍ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കുന്നത് മാണി ബോധപൂര്‍വം തടഞ്ഞു. ഇത് ബാര്‍ ഉടമകളില്‍നിന്ന് കോഴ വാങ്ങാനുള്ള സാഹചര്യം ഒരുക്കാനായിരുന്നെന്നാണ് അന്വേഷണസംഘത്തിന്‍െറ വിലയിരുത്തല്‍. മന്ത്രിസഭാ യോഗത്തിനുമുമ്പ് മാണിക്ക് ബാര്‍ വിഷയത്തിലെ നോട്ട് ലഭിച്ചതായി വകുപ്പ് സെക്രട്ടറിമാര്‍തന്നെ മൊഴി നല്‍കി. അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിക്ക് രണ്ടുതവണ ഇക്കാര്യത്തില്‍ നിയമോപദേശം നല്‍കിയിട്ടും നിയമമന്ത്രിയെന്ന നിലയിലാണ് മാണി മന്ത്രിസഭാ യോഗത്തിന്‍െറ തീരുമാനം വൈകിപ്പിച്ചത്. എന്നാല്‍, നിയമ സെക്രട്ടറി മുഖേന മാണി പിന്നീട് നല്‍കിയ അഭിപ്രായത്തില്‍ പുതുതായി ഒന്നുമുണ്ടായിരുന്നുമില്ല.
ബാര്‍ വിഷയം പരിഗണിച്ച രണ്ട് മന്ത്രിസഭാ യോഗങ്ങള്‍ക്കും മുമ്പ് മാണിയുമായി ബാറുടമകള്‍ മൂന്നുതവണ കൂടിക്കാഴ്ച നടത്തി. ഇതിന് മുമ്പും ബാറുടമകള്‍ പിരിവ് നടത്തിയതിന് തെളിവുണ്ട്. എന്നാല്‍, മാണിയുടെ അഭിപ്രായത്തിന് വിരുദ്ധമായി 418 ബാറുകള്‍ പൂട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചത് തിരിച്ചടിയായി. മാണിക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് 418 ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച സാഹചര്യത്തിലാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ മാസം 22ന് കോടതി പരിഗണിക്കും.
രാഷ്ട്രീയ നാടകമാണെന്ന് മാണി
ഒരു ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച പഴയ റിപ്പോര്‍ട്ടിന്‍െറ പേരില്‍ വിഴിഞ്ഞം കരാര്‍ ഒപ്പിടുന്ന ദിവസം തനിക്കെതിരെ മാധ്യമങ്ങളിലൂടെ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തിയ പ്രചാരണം വിഴിഞ്ഞത്തിന്‍െറ ശോഭ കെടുത്താന്‍ ആസൂത്രണം ചെയ്ത രാഷ്ട്രീയ നാടകമാണെന്ന് ധനവകുപ്പ് മന്ത്രി മാണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
