യുവാക്കള്‍ക്കായി 'യൂത്ത് ചലഞ്ച്' പദ്ധതി -ഉമ്മന്‍ചാണ്ടി
text_fieldsതിരുവനന്തപുരം: കേരള വികസനത്തിനുള്ള ഏഴിന പരിപാടികള്‍ പ്രഖ്യാപിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വാതന്ത്ര്യദിന സന്ദേശം. കോഴിക്കോട്^തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ടാംഘട്ട ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനത്ത് നടപ്പിലാക്കും. അഴിമതിക്കെതിരെ "വിജിലന്‍റ് കേരള"യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ജൈവ കൃഷിക്ക് പ്രത്യേക പ്രോത്സാഹനവും വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ കര്‍ശന നടപടിയും സ്വീകരിക്കും. 14 ജില്ലകളില്‍ 3,770 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൊതുമരാമത്ത് വകുപ്പിന്‍െറ 21 മെഗാ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍െറ പ്രോജക്ട് റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിര കാഴ്ചപ്പാടും വികസനവും നടപ്പാക്കാന്‍ സര്‍ക്കാര്‍ "കേരള സുസ്ഥിര വികസന കൗണ്‍സില്‍" രൂപീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുവജനങ്ങള്‍ക്കായി എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ പേരില്‍ "യൂത്ത് ചലഞ്ച്" പദ്ധതി നടപ്പാക്കും. യുവാക്കളുടെ ആശയങ്ങള്‍ വ്യവസായമായി മാറ്റാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് തുടക്കം കുറിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന യുവാക്കള്‍ക്കോ അവരുടെ സംഘങ്ങള്‍ക്കോ ഇതില്‍ പങ്കാളിയാകാം. ഏറ്റവും മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന സംഘങ്ങള്‍ക്ക് വര്‍ഷം തോറും അഞ്ച് ലക്ഷം രൂപ വീതവും ഒരു വര്‍ഷത്തിന് ശേഷം മികച്ച ആശയം നടപ്പാക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും.
ക്ഷേമരംഗത്ത് വലിയ സ്വപ്നങ്ങളാണ് സംസ്ഥാനത്തിനുള്ളത്. വിവിധ ലക്ഷ്യങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍െറ കീഴില്‍ 14 പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടകം ആരോഗ്യ വകുപ്പ് 30 പദ്ധതികള്‍ നടപ്പിലാക്കി. കാരുണ്യ പദ്ധതിയും ജനസമ്പര്‍ക്ക പരിപാടികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ജനങ്ങള്‍ക്ക് സഹായകരമായി. ക്ഷേമ പെന്‍ഷനുകളുടെയും സാമ്പത്തിക സഹായങ്ങളുടെയും രൂപത്തില്‍ 12,350 കോടി രൂപയാണ് നാലു വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാവര്‍ക്കും വീട് എന്ന കേന്ദ്ര പദ്ധതിയില്‍ പലിശ കുറച്ച് വായ്പ ലഭ്യമാക്കും. പെട്രോള്‍, ഡീസല്‍ അധിക വില്‍പന നികുതിയില്‍ നിന്ന് ലഭിക്കുന്ന 50 ശതമാനം വിഹിതം ഉപയോഗിച്ച് 20 വര്‍ഷം കൊണ്ട് ഈ വായ്പ സര്‍ക്കാര്‍ തിരിച്ചടക്കും. എല്ലാ വികസന പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തിന്‍െറ അനന്ത സാധ്യതകളെ കുറിച്ച് എല്ലാവരും സ്വപ്നം കാണുകയും ചിന്തിക്കുകയും കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അത് പുതിയ കേരളത്തിന് തുടക്കമാകുമെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു.
രാവിലെ പൊലീസ്, എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൗഡ് എന്നിവയുടെ മാര്‍ച്ച് പാസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സല്യൂട്ട് സ്വീകരിച്ചു. "മാലിന്യത്തില്‍ നിന്ന് പദ്ധതി" എന്ന പരിപാടിയുടെ ഭാഗമായി പ്രത്യേക പ്രതിജ്ഞ മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു.
കൊല്ലത്ത് രമേശ് ചെന്നിത്തല, ആലപ്പുഴയില്‍ വി.എസ് ശിവകുമാര്‍, ഇടുക്കിയില്‍ പി.ജെ ജോസഫ്, കോട്ടയത്ത് കെ.എം മാണി, കൊച്ചിയില്‍ കെ. ബാബു, തൃശൂരില്‍ സി.എന്‍ ബാലകൃഷ്ണന്‍, കോഴിക്കോട് എം.കെ മുനീര്‍, മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി, കണ്ണൂരില്‍ കെ.സി ജോസഫ്, കാസര്‍കോട് കെ.പി മോഹനന്‍, വയനാട്ടില്‍ പി.ജെ ജയലക്ഷ്മി എന്നീ മന്ത്രിമാര്‍ വിവിധ സേനാംഗങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
