കാല്‍വിരല്‍തുമ്പിലെ സ്വപ്ന വര്‍ണങ്ങള്‍
text_fieldsകൊച്ചി: ജന്മനാ ഇരുകൈകളുമില്ലാത്ത എറണാകുളം പോത്താനിക്കാട് സ്വദേശിനി സ്വപ്ന അഗസ്റ്റിന്‍ കാല്‍വിരലുകള്‍ക്കിടയില്‍ ബ്രഷ് പിടിച്ച് കാന്‍വാസില്‍ തീര്‍ക്കുന്നത് വര്‍ണവിസ്മയങ്ങള്‍. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ സ്വപ്നവര്‍ണങ്ങള്‍ എന്ന പേരില്‍ നടത്തുന്ന ചിത്രപ്രദര്‍ശനമാണ് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നത്. അസാമാന്യ കൈത്തഴക്കമുള്ളവര്‍ വരക്കുന്ന ചിത്രങ്ങളോട് കിടപിടിക്കുന്നതാണ് അക്രിലിക്കിലും ഓയിലിലും സ്വപ്ന തീര്‍ത്ത 44 ചിത്രങ്ങള്‍.
പ്രകൃതിയുടെ വിവിധ ഭാവങ്ങളാണ് സ്വപ്നയുടെ ചിത്രങ്ങളില്‍ ഏറെയും. മരങ്ങളും കിളികളും മയിലും രാത്രിയുമെല്ലാം രചനകളില്‍ ഇടംതേടുന്നു. കടുത്ത വര്‍ണക്കൂട്ടുകളോ സങ്കീര്‍ണമായ രചനാരീതിയോ ഇല്ല. ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവുന്ന ചിത്രങ്ങള്‍. മ്യൂറല്‍ പെയിന്‍റിങ് ശൈലിയും സ്വപ്നയുടെ കാലുകളില്‍ ഭദ്രം. ദര്‍ഭ മുനയേറ്റ ശകുന്തള, പീലി വിരിച്ചാടുന്ന മയില്‍, ഗത്സെമനിയില്‍ പ്രാര്‍ഥനയില്‍ മുഴുകിയ യേശുക്രിസ്തു, നൃത്തം ചെയ്യുന്ന പെണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് മ്യൂറല്‍ പെയിന്‍റിങ് ശൈലിയാണ് കടമെടുത്തിരിക്കുന്നത്. സൂക്ഷ്മ നിരീക്ഷണത്തിനൊപ്പം അസാമാന്യ ക്ഷമയും കൈത്തഴക്കവും ആവശ്യമായ ചിത്രങ്ങളുടെ പൂര്‍ണത കാഴ്ചക്കാരെ അതിശയിപ്പിക്കും.

രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ടാണ് ഒരു ചിത്രം പൂര്‍ത്തിയാക്കുന്നത്. ദിവസം മൂന്നോ നാലോ മണിക്കൂര്‍ വരക്കും. ചില ചിത്രങ്ങള്‍ ഒറ്റ ദിവസംകൊണ്ടുതന്നെ തീര്‍ക്കും. അതേസമയം, മ്യൂറല്‍ പെയിന്‍റിങ് ശൈലിയിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചവരെ എടുക്കുമെന്ന് സ്വപ്ന പറഞ്ഞു. അക്രിലിക്, ഓയില്‍ പെയിന്‍റിങ്ങുകളോടാണ് താല്‍പര്യം. ബ്രഷും നൈഫും ഉപയോഗിക്കും. കാന്‍വാസ് നിലത്തുവിരിച്ച് കാല്‍ വിരലുകള്‍ക്കിടയില്‍ ബ്രഷ് പിടിച്ചാണ് ചിത്രങ്ങള്‍ വരക്കുന്നത്.
ചെറുപ്പത്തില്‍തന്നെ കാലുകള്‍കൊണ്ട് എഴുതാന്‍ ശീലിച്ച സ്വപ്ന സ്കൂള്‍ പഠന കാലത്താണ് ചിത്ര രചനയിലേക്ക് തിരിഞ്ഞത്. ജലച്ചായങ്ങളായിരുന്നു ആദ്യം. ഭിന്നശേഷിയുള്ള കുട്ടികളുടെ ദേശീയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടി. പിന്നീട് ഓയില്‍ പെയിന്‍റും അക്രിലിക്കും ഉപയോഗിച്ചുതുടങ്ങി.
കലാഭവനിലെ ട്രെയിനറായ ഡെന്നി മാത്യുവാണ് ചിത്രരചനയില്‍ പരിശീലനം നല്‍കിയത്. കാലുകള്‍കൊണ്ടും വായകൊണ്ടും ചിത്രം വരക്കുന്നവരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്‍റിങ് ആര്‍ട്ടിസ്റ്റ്സ് (എ.എം.എഫ്.പി.എ) അംഗം കൂടിയാണ് സ്വ്പന. ലിക്റ്റന്‍സ്റ്റെയ്ന്‍ ആസ്ഥാനമായ സംഘടനയില്‍ ഇന്ത്യയില്‍നിന്ന് 18 അംഗങ്ങളുണ്ട്. കേരളത്തില്‍നിന്ന് സ്വപ്നയുള്‍പ്പെടെ ആറ് അംഗങ്ങളുണ്ട്. അംഗങ്ങള്‍ വരക്കുന്ന ചിത്രങ്ങള്‍ വിപണിയിലത്തെിക്കുന്നത് സംഘടനയാണ്. സോഫിയാണ് സ്വപ്നയുടെ അമ്മ. ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. അച്ഛന്‍ അഗസ്റ്റിന്‍ രണ്ടുവര്‍ഷം മുമ്പ് മരിച്ചു. പ്രദര്‍ശനം 17ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
