എന്‍.സി.സി പരിശീലനത്തിന് സൈന്യം ഒഴിവാക്കിയ തോക്കുകള്‍
text_fieldsപാലക്കാട്: അഞ്ച് ഗ്രൂപ്പുകളിലായി എണ്‍പതിനായിരത്തോളം എന്‍.സി.സി കാഡറ്റുകളുള്ള കേരളത്തില്‍ പരിശീലനത്തിന് നല്‍കുന്നത് സൈന്യം ഉപയോഗിച്ച ശേഷം ഒഴിവാക്കിയ തോക്കുകള്‍. ഭാരക്കൂടുതല്‍ മൂലം പരിശീലനാര്‍ഥികള്‍ക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പോയന്‍റ് രണ്ട് രണ്ട് റൈഫിളും ഓഫിസര്‍മാര്‍ക്ക് പരിശീലനത്തിന് നല്‍കുന്ന എസ്.എല്‍.ആര്‍ റൈഫിളും സൈനികരുടെ ഉപയോഗത്തിനുശേഷം എന്നോ പുറന്തള്ളിയവയാണ്. സംസ്ഥാനത്ത് 2005നുശേഷം കാഡറ്റുകള്‍ക്ക് പുതിയ യൂനിഫോം നല്‍കാത്ത എന്‍.സി.സി, വര്‍ഷങ്ങളായി പുതിയ റൈഫിളുകളും അനുവദിച്ചിട്ടില്ല.
കാലഹരണപ്പെട്ട റൈഫിളുകള്‍ വൃത്തിയാക്കിയെന്ന് വരുത്തി വീണ്ടും ഉപയോഗിക്കുന്നു. റിപ്പബ്ളിക് ദിന പരേഡിന് സജ്ജമാകാനുള്ള ക്യാമ്പിന് പുറമെ സംസ്ഥാന ഡയറക്ടറേറ്റുകളുടെ റാങ്കിങ്ങിന് മാനദണ്ഡമാവുന്ന കേന്ദ്രീകൃത ടള്‍സ് സൈനിക് ക്യാമ്പും കാഡറ്റുകള്‍ക്കായി നടത്തുന്നുണ്ട്. അസോസിയേറ്റ് എന്‍.സി.സി ഓഫിസര്‍മാര്‍ പരിശീലനത്തിനുപയോഗിക്കുന്നത് പോയന്‍റ് രണ്ട് രണ്ട് റൈഫിളിന് പകരം എസ്.എല്‍.ആര്‍ റൈഫിളാണ്. ഒരു കാലത്ത് സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചവയാണിതും. ഒരു കാഡറ്റ് ഉപയോഗിച്ച യൂനിഫോം മറ്റൊരാള്‍ ഉപയോഗിക്കരുത് എന്നതടക്കമുള്ള ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്ന സംസ്ഥാന എന്‍.സി.സി വിഭാഗം രണ്ടിനം ഫയറിങ് പരിശീലനത്തിനായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായ ഗ്രൂപ്പിന്‍െറ ചുമതലയില്‍ നടന്ന വെസ്റ്റ്ഹില്‍ ബാരക്സിലെ പരിശീലനം മത്സരാടിസ്ഥാനത്തിലുള്ളതായിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായെങ്കില്‍ തന്നെ നീണ്ട അന്വേഷണ പ്രക്രിയക്ക് ശേഷം നടപടിയുണ്ടാവാന്‍ സാധ്യത കുറവാണത്രെ. പ്രതിരോധവകുപ്പിന്‍െറ അധീനതയിലുള്ള എന്‍.സി.സിയിലെ പൊതു അനുഭവം അതാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ കൂത്തുപറമ്പിലെ ക്യാമ്പിനിടയിലും ഒരു കാഡറ്റ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചിരുന്നു. വ്യാജ രേഖകള്‍ ചമച്ച് എന്‍.സി.സി വാര്‍ഷിക ക്യാമ്പില്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് സി.ബി.ഐ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
