ജലവിമാനം: മത്സ്യത്തൊഴിലാളികളുമായി ഇന്ന് ചര്‍ച്ച
text_fieldsതിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളെ ബാധിക്കാത്തവണ്ണം ജലവിമാന പദ്ധതിയുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണ. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച അന്തിമ നടപടികള്‍ ബുധനാഴ്ച മത്സ്യത്തൊഴിലാളികളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം നിശ്ചയിക്കുമെന്നാണ് വിവരം. ബുധനാഴ്ച ഉച്ചക്ക് 12ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ എ.പി. അനില്‍ കുമാര്‍, കെ. ബാബു എന്നിവരും പങ്കെടുക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് കേജ് ഫാമിങ് പോലെയുള്ള മീന്‍വളര്‍ത്തല്‍ സഹായപദ്ധതികള്‍ അനുവദിക്കുന്ന കാര്യം ആലോചിക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചിട്ടുണ്ട്. വിനോദ സഞ്ചാര അനുബന്ധപദ്ധതികളും ആലോചിക്കും. ഇക്കാര്യത്തില്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും ബുധനാഴ്ച തീരുമാനമെടുക്കുക.
വിദഗ്ധസമിതി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ പദ്ധതി കായല്‍ മത്സ്യബന്ധനത്തിന് തടസ്സമാകില്ളെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടാനില്ളെന്നാണ് ഇന്നലത്തെ യോഗത്തിന്‍െറ വിലയിരുത്തല്‍. അതേസമയം മത്സ്യസമ്പത്തിന്‍െറ ശോഷണം മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കാനേ പദ്ധതി ഉപകരിക്കൂവെന്നാണ് തൊഴിലാളി പ്രതിനിധികള്‍ പറയുന്നത്. പദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിക്കില്ളെന്ന് ഉറപ്പുവരുത്തണമെന്നും ഏതെങ്കിലും കാരണത്താല്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടാല്‍ മാന്യമായ പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പുനല്‍കണം.
കൊല്ലം അഷ്ടമുടിക്കായലിലും ആലപ്പുഴ വട്ടക്കായലിലുമാണ് ജലവിമാനപദ്ധതി പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കായല്‍ മത്സ്യബന്ധനവും കക്കവാരലും ഉപജീവനമാക്കിയ നിരവധി പേരാണ് അഷ്ടമുടിയിലുള്ളത്. പ്രതിവര്‍ഷം 12000 ടണ്‍ കക്ക ഇവിടെ നിന്ന് തൊഴിലാളികള്‍ വാരുന്നുണ്ട്. ജലവിമാനം വരുന്നതോടെ നിശ്ചിത സ്ഥലപരിധിയില്‍ മത്സ്യബന്ധനം അസാധ്യമാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഉത്സവാന്തരീക്ഷത്തില്‍ ഉദ്ഘാടനം നടന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പ് മൂലം ആദ്യഘട്ടത്തില്‍ പദ്ധതി മുടങ്ങിപ്പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
