ഇന്ത്യയെ മതരാഷ്ട്രമായി മാറ്റാന്‍ ശ്രമം -യെച്ചൂരി
text_fieldsതിരുവനന്തപുരം: അഴിമതി ആരോപണവിധേയരായ കേന്ദ്രമന്ത്രിമാരും രാജസ്ഥാന്, മധ്യപ്രദേശ് മുഖ്യമന്ത്രിമാരും അന്വേഷണം അവസാനിക്കുംവരെ തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ന്യായമായ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതുകൊണ്ടാണ് പാര്‍ലമെന്റ് പ്രവര്‍ത്തനം തുടര്‍ച്ചയായി തടസ്സപ്പെടുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം സംഘടിപ്പിച്ച ജനകീയ പ്രതിരോധം രാജ്ഭവനുമുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടതുപക്ഷത്തെയും സി.പി.എമ്മിനെയുമാണ് കുറ്റപ്പെടുത്തുന്നത്. എന്നാല്‍ യഥാര്‍ഥ പ്രശ്നം ഇതല്ല. കേന്ദ്രമന്ത്രിമാര്‍ക്കും രണ്ടു മുഖ്യമന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ഗുരുതര അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കണമെന്നും അത് തീരുന്നതുവരെ ഇവരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഓഫിസുകള്‍ക്കും ബാധകമായ വ്യവസ്ഥ ഇതാണ്. പ്രധാനമന്ത്രി അവകാശപ്പെടുന്നത് താന്‍ പ്രധാനമന്ത്രിയല്ല, പ്രധാന്‍സേവക് ആണെന്നാണ്. പ്രധാന സേവകനാണെങ്കില് എന്തുകൊണ്ടാണ് ഒരേ നിയമം കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കൂടി ബാധകമാകാത്തതെന്ന് മോദി വ്യക്തമാക്കണം.
കഴിഞ്ഞ മന്മോഹന് സിങ് സര്‍ക്കാറിന്‍െറ അഴിമതികള്‍ പുറത്തുവരാന്‍ ആറേഴുവര്‍ഷം എടുത്തു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷത്തിനകം തന്നെ അഴിമതിയാരോപണങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. ജനങ്ങള്‍ക്ക് പുതിയ ജീവിതം നല്‍കുമെന്ന സര്‍ക്കാറിന്‍െറ വാഗ്ദാനം പൊള്ളയായിക്കഴിഞ്ഞു. ഇന്ത്യയെന്ന മതേതര ജനാധിപത്യ റിപ്പബ്ളിക്കിനെ ആര്.എസ്.എസ് വിഭാവനം ചെയ്യുന്ന തരത്തില്‍ അസഹിഷ്ണുതയുള്ള മതരാഷ്ട്രമായി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പം വ്യാപകമായ അഴിമതിയും അരങ്ങേറുകയാണ്. ഇന്ത്യ വളരെ വേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന് കണക്കുകള്‍ വളച്ചൊടിച്ച് കേന്ദ്രസര്‍ക്കാര്‍ വാദിക്കുകയാണ്. എന്നാല്‍ സത്യം അതിന് വിരുദ്ധമാണ്. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ കര്‍ഷക ആത്മഹത്യ 26 ശതമാനമാണ് വര്‍ധിച്ചത്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ കാര്‍ഷിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
