300 ട്രെയിനുകള്‍ക്ക് 1500 സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം
text_fieldsകോട്ടയം: ട്രെയിന്‍യാത്ര ഭീതിയുടെ നിഴലിലാകുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് റെയില്‍വേ തടയിടുന്നു. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചകളും ആക്രമണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസിന്‍െറ എണ്ണം വര്‍ധിപ്പിക്കാന്‍ അനുമതിയാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് നിരവധി തവണ സമീപിച്ചെങ്കിലും റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയില്ല. സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലാണെങ്കിലും ഇവരുടെ ശമ്പളച്ചെലവിന്െറ പകുതി റെയില്‍വേയാണ് വഹിക്കുന്നത്. ഇതാണ് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ അനുവദിക്കാത്തതെന്നും ഇവരുടെ സമ്മതമില്ലാതെ പൊലീസുകാരെ വിന്യസിക്കാന്‍ കഴിയില്ളെന്നും റെയില്‍വേയുടെ ചുമതയുള്ള ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. തുക നല്കുന്നതില് റെയില്‍വേ വീഴ്ച വരുത്തുന്നുമുണ്ട്. സുരക്ഷയൊരുക്കുന്നതിന്‍െറ ഭാഗമായി ട്രെയിനുകളില്‍ കാമറ ഘടിപ്പിക്കുന്ന പദ്ധതി സംസ്ഥാന പൊലീസ് നേരത്തേ ആവിഷ്കരിച്ച് റെയില്‍വേക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതിനും അനുമതി ലഭിച്ചിട്ടില്ല.
റെയില്‍വേ പൊലീസിനെ തഴയുന്ന റെയില്‍വേ ആര്.പി.എഫുകാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തയാറാകാത്തതിനാല്‍ യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ഓടുന്ന 300 ട്രെയിനുകള്‍ക്ക് റെയില്‍വേ പൊലീസും ആര്.പി.എഫും ഉള്‍പ്പെടെ 1500ഓളം പൊലീസുകാര്‍ മാത്രമാണുള്ളത്. ശനിയാഴ്ച കോട്ടയത്തിന് സമീപം കടുത്തുരുത്തിയില്‍ ദമ്പതികളെ മര്‍ദിച്ച് പണവും ആഭരണങ്ങളും കവര്‍ന്നപ്പോഴും സമീപത്തെങ്ങും പൊലീസുണ്ടായിരുന്നില്ല. സൗമ്യയുടെ മരണത്തിനുശേഷം പൊലീസ് കാട്ടിയ ജാഗ്രത കുറഞ്ഞതോടെ അക്രമികള്‍ ട്രെയിനുകളില്‍ വ്യാപകമാണെന്നും ആക്ഷേപമുണ്ട്.
നിലവില്‍ വനിതാ പൊലീസ് അടക്കം 641 പേരാണ് സംസ്ഥാന സര്‍ക്കാറിന്‍െറ കീഴിലുള്ള റെയില്‍വേ പൊലീസിലുള്ളത്. സംസ്ഥാനം മുഴുവന്‍ അധികാരപരിധിയുള്ള ഇവരുടെ കീഴില്‍ 13 സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നു. ട്രെയിനിലെ ഡ്യൂട്ടിക്ക് പുറമെ സ്റ്റേഷന് ചുമതലകളും കേസ് അന്വേഷണവും ഉള്‍പ്പെടെയുള്ളതിനാല്‍ നിലവിലുള്ളവരെക്കൊണ്ട് ഒന്നിനും തികയാത്ത സ്ഥിതിയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. അംഗബലം കുറവായതിനാല്‍ പകല്‍ പലപ്പോഴും ട്രെയിനില്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കഴിയുന്നില്ളെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇവിടെ 50ഓളം ഒഴിവുകളുമുണ്ട്. സംസ്ഥാന പൊലീസിന് അനുമതി നല്‍കാത്ത റെയില്‍വേ ബോര്‍ഡ് ആര്.പി.എഫുകാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തയാറാകാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 900 സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണ് ആര്.പി.എഫിനുള്ളത്. വര്‍ഷങ്ങള്‍ മുമ്പുള്ള അംഗബലമാണിത്. ഇതിനുശേഷം ടെയിനുകളുടെയും യാത്രക്കാരുടെയും എണ്ണം കുതിച്ചുയര്‍ന്നിട്ടും ഇത് പരിഷ്കരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നേരത്തേ 1500ഓളം ആര്.പി.എഫുകാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്ത് നല്‍കിയെങ്കിലും ഇതില്‍ 900 പേരെ ഇതുവരെ നിയമിച്ചിട്ടില്ല. റെയില്‍വേ പൊലീസിനെ ഒഴിവാക്കി നിലവില്‍ സംരക്ഷണച്ചുമതല മാത്രമുള്ള റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് (ആര്.പി.എഫ്) പൂര്‍ണചുമതല നല്‍കാനും നീക്കം തുടങ്ങിയിട്ടുണ്ട്. നിലവില്‍ കേസ് അന്വേഷണത്തിനും മറ്റുമുള്ള ചുമതല റെയില്‍വേ പൊലീസിനാണ്.
ഇത്തരം ചുമതലകള്‍ ഇല്ലാത്തതിനാല്‍ സ്ഥാനക്കയറ്റം അടക്കമുള്ളവയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൂര്‍ണാധികാരം ആര്.പി.എഫ് ആവശ്യപ്പെട്ടു വരികയാണ്. നിലവില്‍ സംസ്ഥാന പൊലീസിന് നല്കുന്ന തുക ഉപയോഗിച്ച് പുതിയ റിക്രൂട്ട്മെന്റാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
