തദ്ദേശ തെരഞ്ഞെടുപ്പ്: നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ആകാം -കമീഷന്‍
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ നിലവിലുള്ള വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍. അടുത്തമാസം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കണം. ഗ്രാമപഞ്ചായത്തുകളുടെ വിഭജനം ഏറക്കുറെ പൂര്‍ത്തിയായെങ്കിലും നഗരസഭകളുടെ വിഭജനം അനിശ്ചിതത്വത്തിലാണ്. ഒക്ടോബര്‍ രണ്ടാം വാരം തെരഞ്ഞെടുപ്പ് നടത്താനാണ് കമീഷന്‍ ആലോചിക്കുന്നത്.
കമീഷന്‍െറ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പുതിയ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ ഇത്തവണത്തെ തെരഞ്ഞെടുപ്പിലുണ്ടാകില്ല. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുംവരെ കാത്തിരുന്നാല്‍ നടപടിക്രമങ്ങള്‍ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാന സര്‍ക്കാറിനെയും ഗവര്‍ണറെയും അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകള്‍ വിഭജിച്ച് പുതിയ മുനിസിപ്പാലിറ്റികള്‍ രൂപവത്കരിച്ചത് ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുമെന്നാണ് കമീഷന്‍െറ വിലയിരുത്തല്‍.
ബ്ളോക് പഞ്ചായത്ത് വിഭജനം നീളുന്നതാണ് തല്‍സ്ഥിതി തുടരാന്‍ കമീഷനെ പ്രേരിപ്പിക്കുന്നത്. ബ്ളോക് പഞ്ചായത്തുകളുടെ പട്ടിക സമര്‍പ്പിച്ചെങ്കിലും വാര്‍ഡുകളും സംവരണക്രമവും നല്‍കിയിരുന്നില്ല. ബ്ളോക് വാര്‍ഡുകളുടെ പുനര്‍വിഭജനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മുതല്‍ പഞ്ചായത്ത് വാര്‍ഡുകളെ വരെ ബാധിക്കും. വോട്ടര്‍പട്ടികയിലും മാറ്റങ്ങള്‍ വേണ്ടിവരും. നവംബര്‍ ഒന്നിനാണ് പുതിയ ഭരണസമിതികള്‍ നിലവില്‍ വരേണ്ടത്. നിലവിലെ അവസ്ഥയില്‍ വരും ദിവസങ്ങളില്‍ വിഭജനം പൂര്‍ത്തിയാക്കിയാലും നടപടിക്രമങ്ങള്‍ക്ക് സമയമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
