കന്നട മഹാകവി കയ്യാര്‍ കിഞ്ഞണ്ണറൈ വിടവാങ്ങി
text_fieldsബദിയടുക്ക: കന്നട മഹാകവിയും സ്വാതന്ത്ര്യസമര സേനാനിയും ബഹുമുഖ പ്രതിഭയുമായ കയ്യാര്‍ കിഞ്ഞണ്ണറൈ (101) വിടവാങ്ങി. ബദിയടുക്ക പെര്‍ഡാലയിലെ സ്വവസതിയായ കവിതകുടീരത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 12ന് ഒൗദ്യോഗിക ബഹുമതികളോടെ പെര്‍ഡാലയിലെ വീട്ടുവളപ്പില്‍.
ഭാഷാ ശാസ്ത്രകാരന്‍, ജീവചരിത്രകാരന്‍, വിവര്‍ത്തകന്‍, നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ ചിന്തകന്‍, ബഹുഭാഷാ പണ്ഡിതന്‍, സാമൂഹിക പരിഷ്കര്‍ത്താവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന കിഞ്ഞണ്ണറൈ ആശാന്‍, ഉള്ളൂര്‍ കൃതികളും മലയാള സാഹിത്യ ചരിത്രവും കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തതുള്‍പ്പെടെ 40ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.
സ്വാഭിമാന, മദ്രാസ് മെയില്‍, ഹിന്ദു എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തകനായും കോളമിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. നിരവധി കന്നട പത്രങ്ങളിലും പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. 1915 ജൂണ്‍ എട്ടിന് ദുഗ്ഗപ്പയുടെയും ദയ്യക്കയുടെയും മകനായി ജില്ലയുടെ വടക്കേ അതിര്‍ത്തിയായ പെര്‍ഡാലയില്‍ ജനിച്ചു. കന്നട സംസ്ഥാനത്തിനും കാസര്‍കോട് താലൂക്ക് കര്‍ണാടകത്തില്‍ ലയിപ്പിക്കുന്നതിനുംവേണ്ടി പോരാട്ടം നടത്തുകയും ചെയ്തു. ബദിയടുക്ക പെര്‍ഡാല നവജീവന്‍ സ്കൂളില്‍ ഏറെ കാലം അധ്യാപകനായിരുന്നു. കുറച്ചുകാലം കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
എണ്ണമറ്റ പുരസ്കാരങ്ങളുടെ ജേതാവാണ് റൈ. ഭാര്യ ഉന്നക്ക നാലുവര്‍ഷം മുമ്പ് മരിച്ചിരുന്നു. മക്കള്‍: ദുര്‍ഗാപ്രസാദ് റൈ, ജയശങ്കര്‍ റൈ, ശ്രീരംഗനാഥ റൈ, ദേവിക റൈ, കാവേരി, പ്രസന്ന റൈ (പ്രഫ, ഫിലോമിന കോളജ്, പുത്തൂര്‍), പ്രദീപ്, രവിരാജ്. മരുമക്കള്‍: ജയശ്രീ, ഉഷാലത, ഭുവനപ്രസാദ് ഹെഗ്ഡെ, താരാനാഥ് ഷെട്ടി, ജ്യോതി റൈ, ആരതി, കുസുമ.
കന്നട കവി കയ്യാര്‍ കിഞ്ഞണ്ണ റേയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
