പൊലീസ് സംവിധാനം പരാജയം: ഹൈകോടതി
text_fieldsകൊച്ചി: പൗരാവകാശങ്ങളും നിയമവാഴ്ചയും ഉറപ്പാക്കുന്നതില്‍ സംസ്ഥാനത്തെ പൊലീസ് സംവിധാനം പരാജയമെന്ന് ഹൈകോടതി. ഭരണഘടനാപരമായ തുല്യനീതിയും സംരക്ഷണവും ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിയമവാഴ്ചയും ഭരണഘടനയും വെല്ലുവിളി നേരിടുകയാണ്. നിയമത്തിന് മുന്നില്‍ തുല്യതയും സംരക്ഷണവും ഉറപ്പാക്കണമെന്ന അടിസ്ഥാന ചട്ടങ്ങള്‍ പോലും ലംഘിക്കപ്പെടുന്നതായും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് വ്യക്തമാക്കി. കൊല്ലം കുണ്ടറയില്‍ വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മക്കുനേരെ ഗുണ്ടാ ആക്രമണമുണ്ടായ കേസിലാണ് കോടതിയുടെ നിരീക്ഷണം. തന്‍െറ വീട്ടില്‍ അതിക്രമിച്ച് കയറി ബന്ധുവും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ളെന്ന് ചൂണ്ടിക്കാട്ടി കുരിശുംമുട്ടില്‍ ദീപ്തിമോള്‍ സ്മിത ജോസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടിയില്ലാതിരിക്കെയാണ് ഇതിന് പിന്നാലെ വീടുകയറി ആക്രമണമുണ്ടായത്. എന്നാല്‍, വീട്ടമ്മയും ബന്ധുവും തമ്മിലെ പ്രശ്നം വസ്തുതര്‍ക്കം മാത്രമാണെന്ന നിലപാടാണ് പൊലീസ് കോടതിയെ അറിയിച്ചത്. അതേസമയം, പ്രതികള്‍ നടത്തിയ അതിക്രമങ്ങള്‍ ചിത്ര സഹിതം ഹരജിക്കാരി കോടതിയില്‍ ഹാജരാക്കുകയും വിശദീകരണം നല്‍കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് കേസെടുക്കാന്‍ തയാറായത്. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ആരെയും അറസ്റ്റ്ചെയ്തില്ല. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് ഹരജിക്കാരി അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഹരജിക്കാരി നല്‍കിയ വിശദീകരണം സത്യമെങ്കില്‍ ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പൊലീസിന്‍െറ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് രൂക്ഷഭാഷയില്‍ കോടതി വിമര്‍ശിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയാത്തതിനാലാണ് പൊലീസിനെതിരെ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടിവരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുകളുടെ നടത്തിപ്പില്‍ പലപ്പോഴും പൊലീസിന് വീഴ്ച പറ്റുന്നു. നിയമവാഴ്ചയില്ലാതായ അവസ്ഥയാണ് പലപ്പോഴുമുള്ളത്. സ്ത്രീയെന്ന നിലയിലെ പരിഗണനപോലും കേസ് അന്വേഷണത്തില്‍ പൊലീസ് നല്‍കിയിട്ടില്ല. വീട്ടമ്മക്ക് നേരെയുണ്ടായ അക്രമത്തിന്‍െറ ചിത്രങ്ങള്‍ കണ്ടില്ളെന്ന് നടിക്കാനാവില്ല.
പൊലീസിന്‍െറ ഭാഗത്തുനിന്ന് ആത്മാര്‍ഥ നടപടിക്ക് ശ്രമമുണ്ടായിട്ടില്ളെന്ന് വ്യക്തമാണ്. പൊലീസിനെ മാത്രമല്ല, നിയമസംവിധാനത്തെ ഒന്നാകെ വെല്ലുവിളിക്കുന്ന നടപടികളാണ് പ്രതികളില്‍ നിന്നുണ്ടായിട്ടുള്ളത്. സ്ത്രീത്വത്തെ അവഹേളിച്ചതിനടക്കം പ്രതികള്‍ക്കെതിരെ കേസെടുക്കാതെ അക്രമസംഭവത്തെ സിവില്‍ തര്‍ക്കമെന്ന് വിശേഷിപ്പിക്കുന്നത് നിയമവാഴ്ചയോടുള്ള പൊലീസിന്‍െറ അവഹേളനമാണ്. തുല്യനീതി ഉറപ്പാക്കി പൊതുനിയമം നടപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. എന്നാല്‍, രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഘടകങ്ങളും പൊലീസിന്‍െറ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയാണ്. പൊലീസിന്‍െറ നിലപാടും പ്രവര്‍ത്തനവും ഇത്തരത്തിലാണെങ്കില്‍ കേരളവും ബിഹാറും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് കേസ് പരിഗണിക്കവെ കോടതി വാക്കാല്‍ ആരായുകയും ചെയ്തു.
ഹരജിക്കാരിയെ ഗുണ്ടാസംഘം മര്‍ദിച്ച കേസ് അന്വേഷിക്കാന്‍ കൊല്ലം ജില്ലക്ക് പുറത്തെ ഡി.ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കോടതി തുടര്‍ന്ന് ഉത്തരവിട്ടു. അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണം. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത അന്വേഷണമാണ് വേണ്ടത്. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും ഈ മാസം 18ന് പരിഗണിക്കാന്‍ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
