വയനാട്ടില്‍ ശ്രീചിത്തിര ഉപകേന്ദ്രം: മലയോര വാസികള്‍ക്കും പ്രതീക്ഷ
text_fields
കേളകം: ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍െറ ഉപകേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കുന്നതിന്‍െറ പ്രാരംഭമായി സംസ്ഥാന സര്‍ക്കാര്‍ ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ചത് കണ്ണൂരിലെ മലയോര വാസികള്‍ക്കും പ്രതീക്ഷയേകുന്നു.
അത്യനുധുനിക സൗകര്യങ്ങളോടെ സ്ഥാപിക്കുന്ന ഉപകേന്ദ്രം കണ്ണൂര്‍ ജില്ലയിലെ വടക്കന്‍ മേഖലകളിലെ ആയിരക്കണക്കിനാളുകള്‍ക്ക് ഗുണപ്രദമാവും. അതിര്‍ത്തി പ്രദേശത്തിന്‍െറ വികസനത്തിനും വഴിതുറക്കും.
കൊട്ടിയൂര്‍-വയനാട് ചുരം റോഡിലെ ബോയ്സ് ടൗണ്‍ 42ാം മൈലില്‍ ഗ്ളെന്ലെവന് എസ്റ്റേറ്റിന്‍െറ സ്ഥലത്താണ് നിര്‍ദിഷ്ട ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഉപകേന്ദ്രം സ്ഥാപിക്കുക.
കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ശ്രീചിത്തിര ഉപകേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിലേറെയാണ് പഴക്കം.
സംയുക്ത പരിശോധനാ സംഘം അനുയോജ്യമെന്ന് കണ്ടത്തെിയതോടെയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗ്ളെന്‍ ലെവന് എസ്റ്റേറ്റിന്‍െറ ഭൂമി ഏറ്റെടുത്ത് ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിനു കൈമാറുന്നതിനുള്ള നടപടി തുടങ്ങിയത്. മുമ്പ് ഭൂമിക്ക് 16.34 കോടി രൂപ അനുവദിച്ചെങ്കിലും ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള അവകാശ തര്‍ക്കങ്ങളെ തുടര്‍ന്ന് നിയമ തടസ്സമുണ്ടാവുകയായിരുന്നു.
നിലവില്‍, വിദഗ്ധ നിയമോപദേശം തേടിയ ശേഷമാണ് സര്‍ക്കാര്‍ പദ്ധതിക്കുള്ള ഫണ്ട് അനുവദിക്കുന്നതിന്‍െറ പ്രാരാഭമായി തുക നിക്ഷേപിക്കുന്നതിനുള്ള ഹെഡ് ഓഫ് അക്കൗണ്ട് അനുവദിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും എം.പിമാരും ശ്രീ ചിത്തിര മെഡിക്കല്‍ സെന്റര്‍ അധികൃതരും കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പദ്ധതിക്കായി കേന്ദ്രം അനുകൂലമായി പ്രതികരിച്ചു. 75 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സൗജന്യമായി വിട്ട് നല്‍കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
ഹൃദ്രോഗ വിഭാഗം, കാന്‍സര്‍ ചികില്‍സ, ന്യൂറോളജി വിഭാഗം, ഗവേഷണത്തിനുള്ള സംവിധാനം എന്നിവയാണ് വയനാട്ടില്‍ ഒരുക്കുക.
നിലവില്‍ കണ്ണൂരിന്‍െറ മലയോരത്ത് നിന്ന് നൂറുകണക്കിന് ആളുകള്‍ ചികിത്സക്കായി വയനാട് ജില്ലയിലെ മാനന്തവാടിയെയാണ് ആശ്രയിക്കുന്നത്. ഇവര്‍ക്ക് കണ്ണൂരിലും തലശ്ശേരിയിലും പോവുന്നതിനെക്കാള്‍ എളുപ്പം വയനാട് ജില്ലയിലെ ആശുപത്രികളെ ആശ്രയിക്കുന്നതാണ്. തലശ്ശേരി-കൊട്ടിയൂര്‍-മാനന്തവാടി പാതയുടെ വികസനത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് വഴിവെക്കും.
മാനന്തവാടിയോട് ഏറ്റവും അടുത്ത പ്രദേശം എന്ന നിലയില്‍ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍ മേഖലകള്‍ക്ക് ഇതിന്‍െറ പ്രത്യക്ഷ ഗുണം ലഭിക്കും. ശ്രീചിത്തിര ഉപകേന്ദ്രവും ജൂലൈ 12ന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ച വയനാട് മെഡിക്കല്‍ കോളജും യാഥാര്‍ഥ്യമായാല്‍ ചികിത്സാരംഗത്തെ മലയോര മേഖലയുടെ പിന്നാക്കാവസ്ഥ പഴങ്കഥയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
