കാലിക്കറ്റ് ക്ളറിക്കല്‍ അസിസ്റ്റന്റ് സ്ഥാനക്കയറ്റം: ഗവര്‍ണര്‍ വിശദീകരണം തേടി
text_fields
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ്, പ്യൂണ്‍- വാച്ച്മാന് ഇന്റര്‍വ്യൂ ക്രമക്കേടിനു പിന്നാലെ ക്ളറിക്കല്‍ അസിസ്റ്റന്റ് സ്ഥാനക്കയറ്റവും വിവാദത്തില്‍. പാര്‍ട്ട്ടൈം സ്വീപ്പര്‍മാരെ പ്യൂണ്മാരാക്കിയയുടന് ക്ളറിക്കല്‍ അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്‍കിയതാണ് വിവാദമായത്. ചട്ടവിരുദ്ധ നടപടിയില്‍ ചാന്‍സലറായ ഗവര്‍ണര്‍ പി. സദാശിവം വി.സി ഡോ. എം. അബ്ദുസ്സലാമിനോട് വിശദീകരണം തേടി.
സര്‍വകലാശാലയിലെ 38 പ്യൂണുമാര്‍ക്കാണ് ക്ളറിക്കല്‍ അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്‍കിയത്. പ്യൂണ്‍ ആയിരിക്കെ പ്രബേഷന്പോലും പൂര്‍ത്തിയാവാതെ സ്ഥാനക്കയറ്റം നല്‍കിയെന്നാണ് പരാതി. പാര്‍ട്ട്ടൈം സ്വീപ്പര്‍മാരായ ഇവരെ 2012 ആഗസറ്റ് 12ന് ഫുള്‍ടൈം സ്വീപ്പറാക്കി സ്ഥാനക്കയറ്റം നല്കി. പിറ്റേ ദിവസം ഇവരില്‍ 21പേരെ പ്യൂണുമാരാക്കി സ്ഥാനക്കയറ്റം നല്കി. ആറുമാസത്തെ പ്രബേഷന്‍ പൂര്‍ത്തിയാക്കാതെ ഇവരെ ക്ളറിക്കല്‍ അസിസ്റ്റന്റുമായി സ്ഥാനക്കയറ്റം നല്‍കുകയാണ് ഇപ്പോഴുണ്ടായത്. 2004 മാര്‍ച്ചില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായി സര്‍വകലാശാലയില്‍ നിയമനം നേടിയവരാണ് സ്ഥാനക്കയറ്റം നേടിയവരില്‍ ഭൂരിഭാഗം പേരും.
അതിനിടെ അസിസ്റ്റന്റ്, പ്യൂണ്‍-വാച്ച്മാന് നിയമന ഇന്റര്‍വ്യൂ അട്ടിമറിച്ചെന്ന വി.സിയുടെ വെളിപ്പെടുത്തലിനെതിരെ പ്രതിഷേധം ശക്തമായി. ഇടത് സംഘടനകള്‍ക്കു പിന്നാലെ മുന്‍ സിന്‍ഡിക്കേറ്റംഗം ആര്.എസ്. പണിക്കരും രംഗത്തത്തെി. സെലക്ഷന് കമ്മിറ്റിയിലെ ചിലര്‍ ഉദ്യോഗാര്‍ഥികളുമായി കച്ചവടം ഉറപ്പിച്ചെന്നാണ് വി.സിയുടെ തുറന്നുപറച്ചിലോടെ വ്യക്തമായതെന്നും ഇന്റര്‍വ്യൂ തിരിമറി ചാന്‍സലറെയും ഹൈകോടതിയെയും അറിയിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
