സ്വകാര്യ ബസുകള്‍ക്ക് വീണ്ടും ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റ്
text_fields
കൊല്ലം: ദേശസാല്‍കൃത റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സിക്കായി നിജപ്പെടുത്തിയ ഹൈകോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ക്ക് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി പെര്‍മിറ്റ് നല്‍കുന്നു. കാലാവധി അവസാനിച്ച സ്വകാര്യ പെര്‍മിറ്റുകള്‍ പുതുക്കാനും ധാരണയായി. സ്വകാര്യ സൂപ്പര്‍ ക്ളാസ് സര്‍വിസുകള്‍ ദൂരപരിധിയില്ലാതെ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വിസായി നിലനിര്‍ത്തും.
കെ.എസ്.ആര്‍.ടി.സി യെ തകര്‍ക്കാന്‍ സര്‍ക്കാര്‍ മത്സരിക്കുന്നു രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വന്‍ തുക മുടക്കി പുതിയ ബസുകള്‍ വാങ്ങുന്ന കെ.എസ്.ആര്‍.ടി.സി നിലവിലെ സര്‍വീസുകള്‍ നില നിര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ല. സ്വകാര്യ ബസുകളുടെ 241 സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച് 2013ലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എല്ലാ സൂപ്പര്‍ ക്ളാസ് പെര്‍മിറ്റുകളും കാലാവധി അവസാനിക്കുന്ന മുറക്ക് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറാന്‍ 2014ല്‍ ഹൈകോടതി ഉത്തരവായി. ഇതനുസരിച്ച് കാലാവധി അവസാനിച്ച 93ല്‍ 41 പെര്‍മിറ്റ് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തു. കഴിഞ്ഞ 17ന് സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് തിരികെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ബാക്കി പെര്‍മിറ്റുകള്‍ ഏറ്റെടുക്കേണ്ട സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ ആവശ്യത്തിന് ബസ് ഇല്ളെന്ന കാരണം പറഞ്ഞ് സ്വകാര്യ സൂപ്പര്‍ ക്ളാസ് സര്‍വിസുകള്‍ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വിസായി നിലനിര്‍ത്താന്‍ ഉത്തരവായത്. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള 937 ഫാസ്റ്റ് പാസഞ്ചര്‍, 275 സൂപ്പര്‍ ഫാസ്റ്റ്, 50 സൂപ്പര്‍ ഡീലക്സ്, 10 വോള്‍വോ ബസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ കൈവശമുണ്ട്. പുതിയതായി രൂപവത്കരിച്ച കെ.യു.ആര്‍.ടി.സിക്ക് ഒരു വര്‍ഷത്തിനകം ആറ് ഘട്ടമായി 2000 ജന്‍റം ബസുകള്‍ വരുന്നതോടെ കെ.എസ്.ആര്‍.ടി.സിയുടെ പ്രാധാന്യം ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
