സി.പി.എമ്മിലെ സൈബര്‍ പോരാളികള്‍ക്ക് തോമസ് ഐസക്കിന്‍െറ ഉപദേശം
text_fieldsകണ്ണൂര്‍: സാമൂഹിക മാധ്യമമായ ഫേസ്ബുക്കില്‍ സി.പി.എം പ്രവര്‍ത്തകര്‍ എതിരഭിപ്രായക്കാരെ തെറിപറഞ്ഞ് വായടപ്പിക്കരുതെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് എം.എല്‍.എയുടെ ഉപദേശം. രാഷ്ട്രീയമായും മറ്റും വിയോജിപ്പുള്ളവരെ കൂട്ടത്തോടെ മാന്യതയില്ലാത്ത വാക്കുകളിലൂടെ ആക്രമിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് തോമസ് ഐസക്കിന്‍െറ ഫേസ്ബുക് പോസ്റ്റ്.
ജനാധിപത്യപരമായ സംവാദങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും ജനാധിപത്യബോധമുള്ള സമൂഹത്തിലേ ജനതാല്‍പര്യം സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും പോസ്റ്റിലുണ്ട്. സി.പി.എമ്മിനെക്കുറിച്ച് വാര്‍ത്തയെഴുതിയ മാധ്യമ പ്രവര്‍ത്തകനെ മോശമായ രീതിയില്‍ അധിക്ഷേപിച്ചതടക്കമുള്ള സംഭവത്തിനിടെയാണ് പാര്‍ട്ടിയിലെ ‘സൈബര്‍ പോരാളികള്‍’ക്ക് നേതാവിന്‍െറ ഉപദേശം. പാര്‍ട്ടിപ്രവര്‍ത്തകരും അല്ലാത്തവരുമായ തോമസ് ഐസക്കിന്‍െറ ഫേസ്ബുക് സുഹൃത്തുക്കള്‍ ഒത്തിരി ‘ലൈക’് നല്‍കാനും മറന്നില്ല.
‘വിവിധ ആശയങ്ങളുള്ളവര്‍ അവരുടേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ സംവദിക്കാനുള്ള സാധ്യതകളാണ് ഈ സംവിധാനത്തിന്‍െറ ജനപ്രീതി വര്‍ധിപ്പിച്ചത്. ഫേസ്ബുക്കിനെ ആശയവിനിമയം നടത്താനുള്ള വേദി എന്ന നിലയിലാണ് സമീപിക്കേണ്ടത്.
വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാധ്യതകള്‍ ഉള്ളതുകൊണ്ടുതന്നെ, ആശയങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളും സ്വാഭാവികമാണ്. അവയെ ജനാധിപത്യബോധത്തോടെ കണ്ടുകൊണ്ട് ഇടപെടുകയാണ് വേണ്ടത്.
ഫേസ്ബുക്കില്‍ ബഹുഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും ആരോഗ്യകരമായ രീതിയില്‍ തന്നെ സംവദിക്കാറുണ്ട്. എന്നാല്‍, അതില്‍നിന്നും വ്യത്യസ്തമായ നിലപാട് അപൂര്‍വം ചിലരെങ്കിലും സ്വീകരിക്കുന്നുണ്ട് എന്ന പരാതിയും ഉയര്‍ന്നുവന്നിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് പാലക്കാട് പ്ളീനം എടുത്ത തീരുമാനം ഈ മേഖലയിലെ പ്രവര്‍ത്തകര്‍ക്കും ബാധകമാണ്’-തോമസ് ഐസക് ഓര്‍മിപ്പിക്കുന്നു. ‘എന്ത് പ്രകോപനമുണ്ടായാലും നമ്മുടെ നയങ്ങളില്‍നിന്ന് വ്യതിചലിക്കരുത്.
തെറിപറഞ്ഞ് വായടപ്പിക്കാനോ ആവേശം കൊള്ളിക്കാനോ അല്ല ശ്രമിക്കേണ്ടത്. നമുക്കെതിരെ നില്‍ക്കുന്നവരോട് ആരോഗ്യകരമായി സംവദിക്കുകയും നമ്മുടെ ആശയങ്ങളിലേക്ക് അവരെ ആകര്‍ഷിക്കാനുമാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ജനങ്ങളെ മനസ്സിലാക്കാനുള്ള സാധ്യത കൂടി ഇത്തരം പ്രവര്‍ത്തനത്തിലുണ്ടെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഇടപെടലുകള്‍ പാര്‍ട്ടിയെ സംബന്ധിച്ച് കോട്ടങ്ങള്‍ മാത്രമേ സംഭാവന ചെയ്യുകയുള്ളൂവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
