ഭൂമിപതിവ് ചട്ട ഭേദഗതി: ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ -മന്ത്രി അടൂര്‍ പ്രകാശ്
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയിലെ പത്ത് വര്‍ഷം പഴക്കമുള്ള കൈയേറ്റങ്ങള്‍ സാധൂകരിച്ചുള്ള വിവാദ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഫയലുകള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ പോയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് ഇക്കാര്യത്തില്‍ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ളെന്നും ഇക്കാരത്തില്‍ താന്‍ ഒറ്റപ്പെട്ടിട്ടില്ളെന്നും അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാര്‍ കൈയേറ്റം സംബന്ധിച്ച കേസുകള്‍ കോടതിയില്‍ വരുന്നതിന് മുമ്പ് ഉത്തരവ് പിന്‍വലിക്കും. ഉത്തരവ് ഇറക്കിയത് സദുദ്ദേശ്യത്തോടെയാണ്. കൂടുതല്‍ പേര്‍ക്ക് പട്ടയം ലഭിക്കട്ടെ എന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. എന്നാല്‍, കോടതികളിലുള്ള ചില കേസുകള്‍ ദുര്‍ബലമാകുമെന്ന ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തില്‍ ദുരുദ്ദേശ്യമൊന്നും തനിക്കുണ്ടായിരുന്നില്ളെന്ന് ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ഭൂമിയിലുള്ള അവകാശം നല്‍കണമെന്ന് തന്നെയാണ് സര്‍ക്കാറിന്‍െറ അഭിപ്രായം. ജൂണ്‍ ഒന്നിനാണ് ഉത്തരവ് പുറത്തിറങ്ങിയത്. ജൂലൈ ഒന്നിന് നിയമസഭയില്‍ റവന്യൂ വകുപ്പിന്‍െറ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ നിരവധി എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഉത്തരവില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ ആരും തയാറായില്ല. ഒരു മാസം കഴിഞ്ഞാണ് മാധ്യമങ്ങളില്‍ വാര്‍ത്തവന്നത്. സര്‍ക്കാറിന്‍െറ പല തലങ്ങളില്‍ ചര്‍ച്ച ചെയ്താണ് ഉത്തരവിറക്കിയത്. നിയമവകുപ്പിലും മറ്റും പരിശോധിച്ചാണ് വരേണ്ടിയിരുന്നത്. ഇതില്‍ തെറ്റ് പറ്റിയോ എന്ന് പരിശോധിക്കും. നിയമസഭയുടെ നടപടിക്രമപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉപാധിരഹിത പട്ടയം നല്‍കണമെന്നാണ് സാമൂഹിക സംഘടനകളുടെ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നത്. ഭൂമി എത്രനാളായി കൈവശം ഇരിക്കുന്നുവെന്ന് നോക്കാതെ പട്ടയം നല്‍കുക എന്നാണ് ഉപാധിരഹിതപട്ടയം കൊണ്ട് ഉദ്ദേശിക്കുന്നത്. പട്ടയം നല്‍കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഇനി ഈ വ്യവസ്ഥയുടെ പേരില്‍ അത് കിട്ടാതെ പോയാല്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നവരോട് പോയി ചോദിക്കണം. സാമൂഹിക സംഘടനകളുടെ ഇംഗിതത്തിന് അനുസരിച്ച് നിന്നുകൊടുക്കുന്ന ആളല്ല താന്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാം. എന്നാല്‍, മാന്യത അനുവദിക്കാത്തതിനാല്‍ ഇതിന് മുതിരുന്നില്ളെന്നേയുള്ളൂ.കെ.പി.സി.സി പ്രസിഡന്റിനെയോ വൈസ് പ്രസിഡന്റിനെയോ ഉദ്ദേശിച്ചല്ല ഇത് പറയുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 23686 പേര്‍ക്ക് ഇടുക്കിയില്‍ പട്ടയം നല്കി. സംസ്ഥാനത്താകെ 1.24 ലക്ഷം പേര്‍ക്ക് പട്ടയം നല്കി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ 6245 പേര്‍ക്കാണ് പട്ടയം നല്‍കിയത്. ഈ മാസം 22ന് ഇടുക്കിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന മെഗാ പട്ടയമേള സംഘടിപ്പിക്കും. രണ്ട് ലക്ഷം പേര്‍ക്ക് പട്ടയം നല്‍കുക എന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
