ഭൂപതിവ് ചട്ടത്തിലെ മാറ്റം റദ്ദാക്കണമെന്ന് വി.എസ്
text_fieldsതിരുവനന്തപുരം: ഭൂ-റിസോര്‍ട്ട് മാഫിയകളെ സഹായിക്കാന്‍ ഭൂമി പതിവുചട്ടത്തില്‍ വരുത്തിയ മാറ്റം അടിയന്തരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേരളത്തിന്‍െറ സാമൂഹിക-പാരിസ്ഥിതിക മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍. കൈയേറ്റക്കാര്‍ക്ക് നേരത്തെ നിഷ്കര്‍ഷിച്ചിരുന്ന ഭൂപരിധി ഒരേക്കര്‍ എന്നത് നാലേക്കറായി വര്‍ധിപ്പിച്ചു. പട്ടയം കിട്ടിയാല്‍ തൊട്ടടുത്തദിവസംതന്നെ ഭൂമി കൈമാറ്റം ചെയ്യാന്‍ അവകാശവും നല്‍കി. പട്ടയഭൂമി വില്‍ക്കാന്‍ 25 വര്‍ഷം കഴിയണമെന്നത് പാവപ്പെട്ട മൂന്നു സെന്‍റുകാര്‍ക്കു മാത്രം ബാധകമാക്കി. ഭൂമി പതിച്ചു കിട്ടുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷമെന്നത് മൂന്നു ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. ഈ ഭേദഗതിയിലൂടെ മലയോരമേഖലയില്‍ ഭൂമി കൈയേറ്റം വ്യാപകമാകും. 2015 ജൂണ്‍ ഒന്നിന് പത്തുവര്‍ഷത്തെ കൈവശാവകാശരേഖയുണ്ടെങ്കില്‍ ഭൂമി പതിച്ചുനല്‍കാമെന്നതാണ് വ്യവസ്ഥ. ഭൂ-റിസോര്‍ട്ട് മാഫിയകള്‍ക്ക് ഇത്തരം കൈവശാവകാശരേഖ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. കേരളത്തിന്‍െറ മലയോരഭൂമി പൂര്‍ണമായി വന്‍കിടക്കാരുടെയും സമ്പന്നന്മാരുടെയും കൈകളില്‍ എത്തിച്ചേരും. ആദിവാസികളടക്കം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഭൂമിക്കുവേണ്ടി അനന്തമായ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. എന്നാല്‍, അതിന് പരിഹാരമുണ്ടാക്കാതെ ചട്ടങ്ങളില്‍ തലതിരിഞ്ഞ ഭേദഗതി വരുത്തുന്നത് ഭൂമാഫിയക്കുവേണ്ടിയാണ്. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ തുടര്‍ച്ചയാണ് ഇത്. ഇതിനെതിരെ വ്യാപകമായ ജനരോഷവും ജനകീയപ്രതിരോധവും ഉയര്‍ന്നുവരണമെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
