പാലക്കാട് ഐ.ഐ.ടിക്ക് സമാരംഭം
text_fieldsപാലക്കാട്: കേരളത്തിന്‍െറ ഉന്നത വിദ്യാഭ്യാസ മേഖലക്ക് തിലകച്ചാര്‍ത്തായി പാലക്കാട് ഐ.ഐ.ടിക്ക് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പ്രൗഢമായ ചടങ്ങില്‍ സമാരംഭമായി. വാളയാര്‍ കനാല്‍ പിരിവിലെ താല്‍ക്കാലിക കാമ്പസില്‍ നടന്ന ഓറിയന്േറഷന് പ്രോഗ്രാമില്‍ കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഇന്‍ഫോസിസിസ് സഹ സ്ഥാപകനും മദ്രാസ് ഐ.ഐ.ടി പൂര്‍വ വിദ്യാര്‍ഥിയുമായ ക്രിസ് ഗോപാലകൃഷ്ണന് പ്രചോദന പ്രഭാഷണം നടത്തി. മദ്രാസ് ഐ.ഐ.ടി ഡയറക്ടറും പാലക്കാട് ഐ.ഐ.ടി മെന്റര്‍ ഡയറക്ടറുമായ പ്രഫ. ഭാസ്കര്‍ രാമമൂര്‍ത്തി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു. കാമ്പസ് ഇന്‍ ചാര്‍ജ് പ്രഫ. ബി.പി. സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
വാളയാറിനടുത്ത് കനാല്പിരിവില് അഹല്യ കോളജിലാണ് താല്‍ക്കാലിക കാമ്പസ് ഒരുക്കിയത്. 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ഥികളാണ് ആദ്യബാച്ചിലുള്ളത്. 2014 ജൂലൈ പത്തിന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച അഞ്ച് ഐ.ഐ.ടികളില്‍ ആദ്യം യാഥാര്‍ഥ്യമായത് പാലക്കാട്ടേതാണ്. 2014 സപ്റ്റംബര്‍ 26നാണ് കേരളത്തില്‍ ഐ.ഐ.ടിക്ക് അനുമതി നല്‍കിയുള്ള ഒൗദ്യോഗിക അറിയിപ്പ് സര്‍ക്കാറിന് കിട്ടിയത്.
വലിയ തടസ്സങ്ങളില്ലാതെ കുറഞ്ഞ കാലംകൊണ്ട് ഐ.ഐ.ടി യാഥാര്‍ഥ്യമാക്കാനായത് കേരളത്തിന് നേട്ടമാണ്. സ്ഥിരം കാമ്പസിന് പുതുശ്ശേരി വെസ്റ്റ് വില്ളേജില്‍ 500 ഏക്കര്‍ ഏറ്റെടുക്കുന്നതിനുള്ള സര്‍വേ അന്തിമഘട്ടത്തിലാണ്. ഡിസംബറിനകം സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കും. ഇതിന് സംസ്ഥാന സര്‍ക്കാര്‍ 163 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷംകൊണ്ട് ഐ.ഐ.ടി സ്ഥിരം കാമ്പസിലേക്ക് മാറ്റും.
കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലായി നാല് ബി.ടെക് കോഴ്സുകളാണ് തുടക്കത്തിലുള്ളത്. പ്രവേശ പരീക്ഷയില്‍ 2,800 മുതല്‍ 10,000 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ പാലക്കാട് കാമ്പസിലുണ്ട്. മദ്രാസ് ഐ.ഐ.ടിക്കാണ് പാലക്കാട് കാമ്പസിന്‍െറ പൂര്‍ണ ചുമതല. ബുധനാഴ്ച റെഗുലര്‍ ക്ളാസുകള്‍ തുടങ്ങും.
ഒൗപചാരിക ഉദ്ഘാടനം ആഗസ്റ്റ് 17ന് ചിങ്ങപ്പുലരിയില്‍ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനചടങ്ങിന് എത്തും. പാലക്കാടിനോടൊപ്പം പ്രഖ്യാപിച്ച തിരുപ്പതി ഐ.ഐ.ടി ആഗസ്റ്റ് അഞ്ചിന് തുടങ്ങും. തിങ്കളാഴ്ച നടന്ന പരിപാടിയില്‍ രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളോ ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
