ചീഫ് എന്‍ജിനീയര്‍മാരുടെ സസ്പെന്ഷന്: വിവാദം മുറുകുമ്പോഴും ഉന്നതര്‍ക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഗാഢനിദ്രയില്‍
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത്, ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തരവകുപ്പ് നേരിട്ട് സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം മുറുകുമ്പോഴും അഴിമതിക്കാരെന്ന് വിജിലന്‍സ് കണ്ടത്തെിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല. ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്ക് വേണ്ടപ്പെട്ട ഉന്നതന്മാര് ഉള്‍പ്പെട്ട അരഡസനോളം റിപ്പോര്‍ട്ടുകളാണ് ആഭ്യന്തരവകുപ്പില്‍ കെട്ടിക്കിടക്കുന്നത്. ചിലത് തീര്‍പ്പാക്കാതെ മുക്കി. മറ്റുചിലവ തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ആസ്ഥാനത്തേക്ക് മടക്കി. ഘടകകക്ഷികളുടെ താല്പര്യപ്രകാരം നടപടി വേണ്ടെന്നുവെച്ച കേസുകള്‍ വേറെ. 1994ലെ പൊതുഭരണ വകുപ്പിന്‍െറ ഉത്തരവ് പ്രകാരം നടപടി എടുക്കാമെന്നിരിക്കെയാണ് ആഭ്യന്തരവകുപ്പിന്‍െറ ഇരട്ടത്താപ്പ്. സിഡ്കോയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും നടന്ന അഴിമതി സംബന്ധിച്ച ഫയലുകളാണ് ഇതില്‍ പ്രധാനം. ടെലികോംസിറ്റി അഴിമതികേസുമായി ബന്ധപ്പെട്ട് സിഡ്കോ എം.ഡി. സജി ബഷീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ആഭ്യന്തരവകുപ്പിന് ശിപാര്‍ശ നല്‍കിയിട്ട് മാസങ്ങളായി. എന്നാല്‍, ഭരണകക്ഷിയിലെ ഉന്നതന്‍െറ സമ്മര്‍ദത്തെ തുടര്‍ന്ന് നടപടി ഒഴിവാക്കി. തുടര്‍ന്ന് മന്ത്രിസഭായോഗത്തില്‍ വിഷയം അനൗദ്യോഗികചര്ച്ചക്കുവന്നപ്പോള് സജിക്കെതിരെ നടപടി വേണ്ടെന്ന് ചില മന്ത്രിമാര്‍ വാശിപിടിച്ചു. ഇതോടെ കേസില്‍ അന്തിമറിപ്പോര്‍ട്ട് വരുംവരെ നടപടി ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിക്കുകയായിരുന്നു. കേസില്‍ സജി ബഷീറിന് വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ജനുവരി 13ന് നടപടിക്ക് ശിപാര്‍ശ ചെയ്തത്. ടെലികോംസിറ്റി സ്ഥാപിക്കാന്‍ മണ്ണ് മാറ്റിയതുമായി ബന്ധപ്പെട്ട് അഞ്ചരക്കോടിയുടെ ക്രമക്കേട് നടന്നെന്നും ഇതിന് ചുക്കാന്‍ പിടിച്ചത് സജിബഷീറാണെന്നുമാണ് വിജിലന്‍സ് കണ്ടത്തെല്‍. കഴക്കൂട്ടം മേനംകുളത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസ്പിന്‍വാള്‍ പ്ളാന്റ് കോമ്പൗണ്ടില്‍ നിന്ന് കണക്കിലധികം മണ്ണ് മാറ്റിയാണ് ക്രമക്കേട് നടത്തിയത്. സിഡ്കോ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അജിത്, മണ്ണ് വാങ്ങിയ ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയിലെ നാലുപേര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. നേരത്തെ സജി ബഷീറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സെപ്ഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് (രണ്ട്) എസ്.പി. ഷെരീഫുദ്ദീന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചിരുന്നു. ശബരിമല അന്നദാനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിലും നടപടിയില്ല. കേരഫെഡ്, ഹോര്‍ട്ടികോര്‍പ് എന്നിവിടങ്ങളിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സിന്‍െറ വിവിധ യൂനിറ്റുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടില്ല. അഴിമതിക്കേസുകളില്‍ തുടര്‍നടപടിക്ക് സര്‍ക്കാര്‍ മടിക്കുന്നത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുമെന്ന് വിജിലന്‍സ് ഉന്നതന് ‘മാധ്യമ’ ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.