എച്ച്.എസ്.എ ഇംഗ്ലീഷ്: ലിസ്റ്റ് റദ്ദായി; പത്തനംതിട്ടയില്‍ ഒരാള്‍ക്കുപോലും നിയമനമില്ല
text_fieldsചെറുവത്തൂര്‍: സംസ്ഥാനത്തെ 14 ജില്ലകളിലുമായി നിലവില്‍വന്ന എച്ച്.എസ്.എ ഇംഗ്ളീഷ് റാങ്ക് ലിസ്റ്റ് നാലര വര്‍ഷം തികച്ച് റദ്ദായിട്ടും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുപോലും നിയമനം ലഭിച്ചില്ല. പി.എസ്.സിയുടെ ചരിത്രത്തില്‍തന്നെ ഒരാള്‍ക്കുപോലും നിയമനം ലഭിക്കാതെ റാങ്ക് ലിസ്റ്റിന്‍െറ കാലാവധി തീരുക അപൂര്‍വമാണ്. റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടര്‍ന്ന് പി.എസ്.സി ഇതേ തസ്തികയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞ ജൂലൈ 22ന് പരീക്ഷ നടത്തുകയും ചെയ്തു.
പതിനായിരത്തോളം പേര് വിവിധ ജില്ലകളിലായി ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍നിന്ന് ആകെ 560 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. 135 പേര്‍ക്ക് നിയമനം നല്കിയ മലപ്പുറം ജില്ലയാണ് എച്ച്.എസ്.എ ഇംഗ്ളീഷില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നല്കിയ ജില്ല. 97 പേര്‍ക്ക് നിയമനം നല്കിയ കോഴിക്കോട് രണ്ടും 79 പേര്‍ക്ക് നിയമനം നല്കിയ തിരുവനന്തപുരം മൂന്നാംസ്ഥാനത്തുമാണ്. എറണാകുളത്ത് നിയമനം ലഭിച്ചത് ആകെ രണ്ടുപേര്‍ക്ക് മാത്രമാണ്.
2010ലാണ് സംസ്ഥാനത്ത് അവസാനമായി എച്ച്.എസ്.എ ഇംഗ്ളീഷ് റാങ്ക് പട്ടിക നിലവില്‍വന്നത്. ഉദ്യോഗാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെ കണ്ട റാങ്ക് ലിസ്റ്റായിരുന്നു ഇത്. എന്നാല്‍, നാലരവര്‍ഷത്തോളം കാലാവധി ലഭിച്ചിട്ടും നിയമനങ്ങള്‍ നാമമാത്രമായത് ഉദ്യോഗാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടിയായി.
ഡിവിഷനുകള്‍ നഷ്ടപ്പെട്ടതും അപ്രഖ്യാപിത നിയമന നിരോധവും റാങ്ക് ലിസ്റ്റിലെ നിയമനങ്ങളെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും 2013നുശേഷം എച്ച്.എസ്.എ ഇംഗ്ളീഷ് തസ്തികയില്‍ ഒരു നിയമനവും നടന്നതുമില്ല.
റദ്ദായ റാങ്ക് ലിസ്റ്റില്‍ പത്തനംതിട്ട ജില്ലയില്‍ 96 പേരാണ് ഉള്‍പ്പെട്ടിരുന്നത്. മുഖ്യപട്ടികയില്‍ 68 പേര് ഇടം നേടിയപ്പോള്‍ 28 പേര് സപ്ളിമെന്ററി പട്ടികയിലും ഇടം നേടി. ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷയോടെ കാത്ത റാങ്ക് ലിസ്റ്റാണ് ഒരു നിയമനംപോലും നല്‍കാതെ റദ്ദായത്.
കഴിഞ്ഞ ജൂലൈ 22നാണ് പുതുതായി ഇതേ തസ്തികയിലേക്ക് മുഴുവന്‍ ജില്ലകളിലും പരീക്ഷ നടന്നത്. പത്തനംതിട്ടയില്‍ 428 പേര് മാത്രമാണ് ഇക്കുറി പരീക്ഷയെഴുതിയത്. ഇതിന് മുമ്പ് ഇതിന്‍െറ രണ്ടിരട്ടിയിലേറെയായിരുന്നു ഈ തസ്തികയിലേക്കുള്ള അപേക്ഷകര്‍. മറ്റെല്ലാ ജില്ലകളിലും മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയിലേറെ പേര് ഈ തസ്തികയില്‍ പരീക്ഷയെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
