ഇടതു ദൂതുമായി കെ.ടി. ജലീലും പി.ടി.എ.റഹീമും കാന്തപുരത്തെ കണ്ടു
text_fieldsകോഴിക്കോട്: ഇടതു സ്വതന്ത്ര എം.എല്‍.എമാരായ കെ.ടി. ജലീലും പി.ടി.എ. റഹീമും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ കണ്ട് ചര്‍ച്ച നടത്തി.ഞായറാഴ്ച വൈകീട്ട് ആറിനാണ് കാരന്തൂര്‍ മര്‍കസില്‍ കൂടിക്കാഴ്ച നടന്നത്. മുക്കാല്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷം ശക്തമായി നിലനില്‍ക്കേണ്ടതിന്‍െറ ആവശ്യകതയാണ് വിഷയമായത്. വൈകാതെ സി.പി.എം, ഇടതുനേതാക്കള്‍ കാന്തപുരത്തെ കാണുമെന്നാണ് സൂചന. ഇതിന് കളമൊരുക്കുകയായിരുന്നു ഞായറാഴ്ചത്തെ സന്ദര്‍ശനത്തിന്‍െറ മുഖ്യ ഉദ്ദേശ്യം.
നേരത്തേ ഇടതുപക്ഷത്തോട് ഒപ്പംനിന്ന കാന്തപുരം ഇടക്കാലത്ത് ചില രാഷ്ട്രീയ സംഭവവികാസങളെ തുടര്‍ന്ന് സി.പി.എമ്മുമായി അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ സമദൂര സമീപനം സ്വീകരിച്ചതായാണ് പ്രഖ്യാപിച്ചിരുന്നത്.
ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പും നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് അഗ്നിപരീക്ഷയാകുമെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തെയെങ്കിലും കൂടെനിര്ത്തിയില്ളെങ്കില് രാഷ്ട്രീയ നഷ്ടമുണ്ടാകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഇതിന്‍െറയടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ ഒപ്പംനിര്‍ത്താന്‍ നടപടികളും കരുനീക്കവും നടത്താന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇതിന്‍െറ ഭാഗമായുള്ള പ്രഥമ നടപടിയാണ് ഞായറാഴ്ചയിലെ കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്. തുടര്‍നടപടിയായി മറ്റു വിഭാഗങ്ങളുമായി ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ കാര്യങ്ങള്‍ കാന്തപുരവുമായി സംസാരിച്ചുവെന്നും നേരത്തേ ഇടത് ആഭിമുഖ്യം പുലര്‍ത്തുന്ന മതനേതാവാണ് കാന്തപുരമെന്നും പി.ടി.എ. റഹീമും കെ.ടി. ജലീലും ‘മാധ്യമ’ത്തോട് പറഞ്ഞു. തുടര്‍ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.
പലരും തന്നെ വന്നുകാണാറുണ്ടെന്നും സുഹൃത്തുക്കളായ ഇരു എം.എല്‍.എമാരും തന്നെ കണ്ടതില്‍ സൗഹൃദത്തില്‍ കവിഞ്ഞ പ്രാധാന്യമില്ളെന്നും രാഷ്ട്രീയ നിലപാടിന്‍െറ കാര്യത്തില്‍ പ്രത്യേക ഉറപ്പ് നല്‍കിയിട്ടില്ളെന്നും കാന്തപുരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
