കാലിക്കറ്റിലെ അസിസ്റ്റന്‍റ്, പ്യൂണ്‍ നിയമന ഇന്‍റര്‍വ്യൂവില്‍ വന്‍ തിരിമറി
text_fieldsകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്‍റ്, പ്യൂണ്‍-വാച്ച്മാന്‍ നിയമന ഇന്‍റര്‍വ്യൂവില്‍ വന്‍ ക്രമക്കേട് നടന്നതായി വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമിന്‍െറ വെളിപ്പെടുത്തല്‍. എഴുത്തുപരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചവര്‍ക്കുപോലും ഉയര്‍ന്ന മാര്‍ക്ക് നല്‍കിയാണ് ഇന്‍റര്‍വ്യൂ നടത്തിയത്. യോഗ്യരായ പലരും പുറത്തുപോകുമെന്നതിനാല്‍ നിയമന നടപടി അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 11ന് കാലാവധി അവസാനിക്കാനിരിക്കെ ‘മാധ്യമ’ത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നിയമനാധികാരികൂടിയായ വി.സിയുടെ വിവാദ വെളിപ്പെടുത്തല്‍.
എല്‍.ബി.എസ് നടത്തിയ എഴുത്തുപരീക്ഷയുടെ മാര്‍ക്ക് പുറത്തുവിടാതെയാണ് ഇന്‍റര്‍വ്യൂ നടത്തിയത്. മാര്‍ക്ക് വെളിപ്പെട്ടാല്‍ ഇന്‍റര്‍വ്യൂ സ്വാധീനിക്കപ്പെടുമെന്ന പ്രചാരണം ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. എന്നാല്‍, ഇന്‍റര്‍വ്യൂ മാര്‍ക്ക് കണ്ടതോടെ വലിയ വിഷമമാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
350ഓളം അസിസ്റ്റന്‍റുമാരെയും 194 പ്യൂണ്‍-വാച്ച്മാന്മാരെയും നിയമിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. ഇന്‍റര്‍വ്യൂ അട്ടിമറിച്ചുവെന്ന് വി.സിയെന്ന നിലക്ക് പറയുന്നില്ല. മാര്‍ക്കില്‍ വലിയ അന്തരമുണ്ടായെന്നത് സമ്മതിക്കാതെയും വയ്യ. ഉദ്യോഗാര്‍ഥികളുടെ ഇന്‍റര്‍വ്യൂ പ്രകടനത്തിന് അഞ്ചും ആറും മാര്‍ക്ക് വി.സിയെന്ന നിലക്ക് നല്‍കി. ഇന്‍റര്‍വ്യൂ ബോര്‍ഡിലെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇത്തരക്കാര്‍ക്ക് 18 മാര്‍ക്കുവരെ നല്‍കി. മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് 18 മാര്‍ക്കുവരെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെന്ന നിലക്ക് നല്‍കിയവര്‍ക്ക് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ നല്‍കിയത് അഞ്ചും ആറും മാര്‍ക്ക്. എഴുത്തുപരീക്ഷയില്‍ നല്ല മാര്‍ക്കുള്ളവര്‍പോലും ഇന്‍റര്‍വ്യൂവില്‍ തഴയപ്പെട്ടുവെന്ന് ഇതിലൂടെ വ്യക്തം.
നിയമനപ്രക്രിയയിലെ രണ്ടു ഭാഗമായ എഴുത്തുപരീക്ഷയിലെയും ഇന്‍റര്‍വ്യൂവിന്‍െറയും മാര്‍ക്ക് പരിശോധിച്ചാല്‍ എന്താണ് നടന്നതെന്ന് ആര്‍ക്കും ഊഹിക്കാനാവും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഹൈകോടതിക്ക് സമര്‍പ്പിക്കാനായി കത്ത് തയാറാക്കിയിട്ടുമണ്ട്. സര്‍വകലാശാലയില്‍നിന്ന് സ്ഥാനമൊഴിഞ്ഞാലും ഈ വിഷയം വ്യക്തിപരമായി അലട്ടുമെന്നുറപ്പാണ്. എന്തായാലും നിയമനനടപടികള്‍ അംഗീകരിക്കാന്‍ വ്യക്തിപരമായി മുന്‍കൈയെടുക്കില്ല. നിയമനം സിന്‍ഡിക്കേറ്റ് യോഗംതന്നെ അംഗീകരിക്കട്ടെ. യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഇനിയും വിവാദത്തിനില്ളെന്നും ഡോ. എം. അബ്ദുസ്സലാം വ്യക്തമാക്കി.
നിയമനത്തിന് വന്‍ കോഴ വാങ്ങുന്നുവെന്ന ആരോപണങ്ങള്‍ ശരിവെക്കുകയാണ് വി.സിയുടെ വെളിപ്പെടുത്തല്‍. അസിസ്റ്റന്‍റ് നിയമനത്തിന് 15 ലക്ഷം വരെ കോഴ വാങ്ങുന്നുവെന്നാണ് ആരോപണമുയര്‍ന്നത്. സിന്‍ഡിക്കേറ്റിലെ മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രതിനിധികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് വി.സിയുടെ പുതിയ പരാമര്‍ശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
