ട്രൈപോഡിലും സെല്‍ഫി സ്റ്റിക്കിലും ഒളിപ്പിച്ചുകടത്തിയ രണ്ട് കിലോ സ്വര്‍ണം പിടികൂടി
text_fieldsപാലക്കാട്: കാമറാ ട്രൈപോഡിലും സെല്‍ഫി സ്റ്റിക്കിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോയോളം സ്വര്‍ണവുമായി നാല് യുവാക്കള്‍ പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സംരക്ഷണ സേനയുടെ (ആര്.പി.എഫ്) പിടിയിലായി. പുലര്‍ച്ചെ അഞ്ചിന് മംഗളൂരുവിലേക്കുള്ള ചെന്നൈ മെയിലില്‍നിന്നാണ് യുവാക്കള്‍ പിടിയിലായത്. കോഴിക്കോട് എലത്തൂര്‍ അയനിക്കാട് എരഞ്ഞിക്കല്‍ സ്വദേശി മുഹമ്മദ് യാസിര്‍ (35), കാസര്‍കോട് ജല്‍സൂര്‍ കാണിക്കാളിപള്ള പൂവ്വല്‍ മുഹമ്മദ് ഇഖ്ബാല്‍ (29), ചെങ്കള തേക്കില്‍ പി.വി ഹൗസ് മുഹമ്മദ് റാഷിദ് (27), കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് പി.കെ ഹൗസില്‍ അറഫാത്ത് (24) എന്നിവരാണ് പിടിയിലായത്.
ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്ക് എ.സി ത്രീടയര്‍ ബി-ടു കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത മുഹമ്മദ് യാസിറിന്‍െറ ബാഗ് തട്ടാനുള്ള കാസര്‍കോട് സ്വദേശികളുടെ ശ്രമത്തിനിടെയാണ് തട്ടിപ്പ് പുറത്തായത്. ബി-ടു കമ്പാര്‍ട്ട്മെന്റില്‍ തന്നെ യാത്ര ചെയ്തിരുന്ന മുഹമ്മദ് ഇഖ്ബാല്‍ ട്രെയിന്‍ സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയയുടന് സ്ളീപ്പറിന് അടിയില്‍ വെച്ച യാസിറിന്‍െറ ചുവപ്പ് ട്രോളി ബാഗുമായി ഇറങ്ങിയോടുകയായിരുന്നു. തൊട്ടടുത്ത ബി-ത്രി കോച്ചിലുള്ള മുഹമ്മദ് റാഷിദ്, അറഫാത്ത് എന്നിവരും ഇഖ്ബാലിനൊപ്പം ഇറങ്ങിയോടി. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചാണ് മുഹമ്മദ് യാസിര്‍ ഇഖ്ബാലിന്‍െറ പിറകെ ഓടിയത്. ഇതുകണ്ട ആര്.പി.എഫ് സംഘം നാലുപേരെയും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
ബാഗ് പരിശോധിച്ചപ്പോള്‍ ട്രൈപോഡിനും സെല്‍ഫി സ്റ്റിക്കിനും സാധാരണയിലും കവിഞ്ഞ് ഭാരമുണ്ടെന്ന് കണ്ടത്തെി. ഇതേതുടര്‍ന്ന് ഇവ പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് അഞ്ച് സ്വര്‍ണ സ്റ്റിക്കുകള്‍ കണ്ടത്തെിയത്. ഉരുക്കി പശവെച്ച് ഒട്ടിച്ച നിലയിലുള്ള അഞ്ച് സ്വര്‍ണ സ്റ്റിക്കുകളാണുണ്ടായിരുന്നത്. ചെന്നൈയില്‍നിന്ന് കോഴിക്കോട് സ്വദേശിയായ ആള് തന്നയച്ചതാണെന്നും കോഴിക്കോട്ടുനിന്ന് മറ്റൊരാള്‍ വാങ്ങുമെന്ന് പറഞ്ഞിരുന്നതായും മുഹമ്മദ് യാസിര്‍ മൊഴി നല്കി. കോഴിക്കോട് ദുബൈ ബസാറില്‍ മൊബൈല്‍, ബാഗ് വ്യാപാരിയാണെന്നും കൊല്‍ക്കത്തയില്‍ പര്‍ച്ചേസിങ് കഴിഞ്ഞ് മടങ്ങുകയാണെന്നും ഇയാള്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍നിന്ന് കോഴിക്കോട്ടേക്ക് കടത്തിയ സ്വര്‍ണമെന്നാണ് സൂചന. സംഭവത്തില്‍ ദുരൂഹതയുണ്ട്. പ്രതികളെ റെയില്‍വേ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
