ചീഫ് എന്‍ജിനീയര്‍മാരുടെ സസ്പെന്‍ഷന്‍: നിലപാടിലുറച്ച് ആഭ്യന്തര വകുപ്പ്
text_fieldsതിരുവനന്തപുരം: ചീഫ് എന്‍ജിനീയര്‍മാരുടെ സസ്പെന്‍ഷനെ തുടര്‍ന്ന് യു.ഡി.എഫില്‍ വിവാദമുയര്‍ന്നിരിക്കെ നടപടി നിയമപരമാണെന്ന നിലപാടില്‍ ആഭ്യന്തരവകുപ്പ് ഉറച്ചുനില്‍ക്കും. 1994ലെ പൊതുഭരണ വകുപ്പിന്‍െറ ഉത്തരവ്പ്രകാരം സസ്പെന്‍ഷന് തടസ്സമില്ളെന്നാണ് വിശദീകരണം. നിയമവകുപ്പിന്‍െറ അനുമതിയോടെയാണ് 1994ല്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
അതിനിടെ, മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞും പി.ജെ. ജോസഫും പരാതിപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറിയോടും വിജിലന്‍സിനോടും വിശദാംശം ആരാഞ്ഞിട്ടുണ്ട്. ഇവരുടെ സസ്പെന്‍ഷന്‍ സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി കണ്ടിരുന്നില്ല. സസ്പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രിക്ക് നേരിട്ട് സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്നും നടപടിക്രമങ്ങളില്‍ നിയമപരമായി തെറ്റില്ളെന്നുമാണ് ആഭ്യന്തരവകുപ്പ് നിലപാട്. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ളെന്ന മുന്നറിയിപ്പ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നല്‍കിയിട്ടുണ്ട്. അഴിമതിക്കേസിലെ നടപടിയില്‍ നിന്ന് പിന്നോട്ടില്ളെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. തങ്ങളുടെ വകുപ്പുകളില്‍ ആഭ്യന്തരവകുപ്പ് കൈകടത്തിയെന്ന പരാതിയാണ് മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞും പി.ജെ. ജോസഫും ഉയര്‍ത്തുന്നത്. മലപ്പുറത്ത് ടെന്‍ഡര്‍ വിളിക്കാതെ റോഡ് നിര്‍മാണത്തിന് എട്ട് കോടിയുടെ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ടാണ് ജലസേചനവകുപ്പ് ചീഫ് എന്‍ജിനീയര്‍ വി.കെ. മഹാനുദേവന്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ടി.കെ. സതീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കുകയായിരുന്നു.
കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ബോര്‍ഡ് യോഗ തീരുമാന പ്രകാരമാണ് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയത്. സസ്പെന്‍ഷനിലായ രണ്ടുപേരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. സസ്പെന്‍ഷന്‍ ഉത്തരവ് ജലസേചന, മരാമത്ത് മന്ത്രിമാരോ ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് അവര്‍ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
