ആര്.എസ്.പി ജില്ലാ സമ്മേളനം: സി.പി.എമ്മിനെതിരെ വിമര്‍ശം
text_fieldsകണ്ണൂര്‍: ആര്.എസ്.പി ജില്ലാ സമ്മേളനത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശവും യു.ഡി.എഫിനെതിരെ ഒളിയമ്പും. കാര്‍ക്കശ്യവും സര്‍വ പുച്ഛവും ഒരു പാര്‍ട്ടിക്കും ഭൂഷണമല്ളെന്നും അണികളെയും സ്വന്തം പാര്‍ട്ടിയെയും നേതാക്കള്‍ക്ക് വിശ്വാസം വേണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജനറല്‍ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഢന് പറഞ്ഞു.
കേരളത്തില്‍ പ്രതാപവാനായി അറിയപ്പെട്ട നേതാവ് ഇപ്പോള്‍ എവിടെപ്പോയി? അരുവിക്കരയില്‍ നേരിട്ട് യുദ്ധംനയിക്കുമെന്ന് പറഞ്ഞിട്ട് അതുണ്ടായില്ല. കേരളത്തിലെ സി.പി.എം ആത്മാവും അന്തസ്സും നഷ്ടപ്പെട്ട പാര്‍ട്ടിയുടെ കേവലം ചട്ടക്കൂട് മാത്രമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രതിനിധി സമ്മേളനത്തില്‍ സംസാരിച്ച സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എം.എല്‍.എയും സി.പി.എമ്മിന്‍െറയും ഇടതുപക്ഷത്തിന്‍െറയും നിലപാടുകളെ കടുത്ത ഭാഷയില്‍ നേരിട്ടു.
ആര്.എസ്.പി ഇല്ലാതായതിന്‍െറ ഫലം എല്‍.ഡി.എഫ് അരുവിക്കരയില്‍ അനുഭവിച്ചു. നെയ്യാറ്റിന്‍കരയില്‍ പഴക്കംചെന്ന സി.പി.എംകാരനായ ശെല്‍വരാജ് കാലുമാറി മത്സരിച്ചിട്ടും അദ്ദേഹംതന്നെ വിജയിച്ചു. പിണറായി വിജയന് നേരിട്ടുവന്നാണ് ശെല്‍വരാജിനെതിരെ പ്രവര്‍ത്തിച്ചത്. എന്നിട്ടും വിജയിച്ചു. മൂന്നുകൊല്ലക്കാലം എല്‍.ഡി.എഫ് നിരന്തരമായി ധാരാളം സമരങ്ങള്‍ നടത്തിയെങ്കിലും ജനങ്ങള്‍ അതൊന്നും മുഖവിലക്കെടുത്തില്ല. സരിതാ സമരം ജനങ്ങളുടെ സമരമായി കണ്ടില്ല. യു.ഡി.എഫ് അധികാരത്തില്‍ വന്നശേഷം നടന്ന മുഴുവന്‍ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് തന്നെയാണ് വിജയിച്ചത്.
സി.പി.എം തകരണമെന്നോ എല്‍.ഡി.എഫ് തകരണമെന്നോ ആഗ്രഹിക്കുന്നവരല്ല ആര്.എസ്.പി. ഇടതുപക്ഷപ്രസ്ഥാനമാണ് ഞങ്ങളുടേത്. കോണ്‍ഗ്രസിനെ വളര്‍ത്തുന്ന സമീപനം സ്വീകരിച്ചിട്ടില്ല. എല്‍.ഡി.എഫ് തെറ്റ് തിരുത്തണമെന്നാണ് ഞങ്ങള്‍ പറയുന്നത്. അടുത്തകാലത്ത് സ്വയം വികസിപ്പിക്കുകയും മാടിവിളിക്കുകയും ചെയ്യുന്ന സമീപനം എല്‍.ഡി.എഫ് സ്വീകരിച്ചു. ഞങ്ങളൊരു തീരുമാനമെടുത്താല്‍ അതില്‍ വെള്ളംചേര്‍ക്കില്ല. വഞ്ചനപരമായ സമീപനം സ്വീകരിക്കില്ല. അതുകൊണ്ടാണ് യു.ഡി.എഫിനൊപ്പം നില്‍ക്കുന്നത്.
തങ്ങള്‍ക്ക് ഏതു നിലപാടും സ്വീകരിക്കാം മറ്റുള്ളവര്‍ക്കത് പാടില്ല എന്നതാണ് സി.പി.എമ്മിന്‍െറ നയം. പൊന്നാനിയില്‍ സി.പി.ഐയെ തഴഞ്ഞാണ് അവര്‍ പി.ഡി.പിയെ കൂട്ടുപിടിച്ചത്. ദേശീയതലത്തില്‍ ഇടതുപ്രസ്ഥാനങ്ങളുടെ ഐക്യത്തിനുവേണ്ടിയുള്ള ശ്രമത്തിന് ഇടങ്കോലിട്ടത് സി.പി.എമ്മാണ്. ഇതിനുവേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മാവോവാദികളെ പങ്കെടുപ്പിച്ചതിന്െറ പേരില്‍ അവര്‍ വിട്ടുനിന്നു. പിന്നീട് അവരുടെ ഭാഗത്തുനിന്ന് അനുകൂലനീക്കം ഉണ്ടായതുമില്ല. ആര്.എസ്.പി ഇപ്പോള്‍ സ്വീകരിച്ച നിലപാട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രധാനമാണെന്നും എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്നനിലയില്‍ കോണ്‍ഗ്രസുമായി ഇടതുപക്ഷം കൈകോര്‍ത്താല്‍ മാത്രമേ വര്‍ഗീയശക്തികളെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂവെന്നും അസീസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
