സ്കൂള്‍ ശാസ്ത്രോത്സവം സ്വര്‍ണക്കപ്പിന് കലാമിന്‍െറ പേര് നല്‍കും
text_fields
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ വിജയികള്‍ക്ക് ഒരുങ്ങുന്ന സ്വര്‍ണക്കപ്പിന് അന്തരിച്ച രാഷ്ട്രപതിയും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പേര് നല്‍കും. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിന്‍െറ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
മൂന്ന് മാസത്തിനകം കപ്പ് പൂര്‍ത്തിയാക്കാനും ശില്‍പി കാനായി കുഞ്ഞിരാമന്‍െറ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ധാരണയായി. അബ്ദുല്‍ കലാമിന്‍െറ പ്രധാന കര്‍മമേഖലകളുടെ കൂടി ആശയങ്ങള്‍ പ്രതിഫലിക്കുന്ന രൂപത്തിലുള്ള സ്വര്‍ണക്കപ്പാണ് പണിയുന്നത്. യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജോണ്‍സ് വി. ജോണും ഹയര്‍സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയന്‍റ് ഡയറക്ടര്‍ ഡോ.പി.എ. സാജുദ്ദീനും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം തിരൂരില്‍ നടന്ന ശാസ്ത്രോത്സവത്തില്‍ സ്വര്‍ണക്കപ്പ് നല്‍കാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടത്. ഇതിന് സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് ഒരു രൂപ വീതം പിരിവെടുത്തു. 44 ലക്ഷത്തില്‍ പരം രൂപയാണ് പിരിഞ്ഞുകിട്ടിയത്. വിദ്യാര്‍ഥികള്‍ മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന ഒരു രൂപ സ്വര്‍ണക്കപ്പിന് നല്‍കുക എന്ന നിര്‍ദേശത്തോടെ ‘മിഠായിക്ക് ഒരു കപ്പ്’ എന്ന പദ്ധതി ആവിഷ്കരിച്ചാണ് പണം സ്വരൂപിച്ചത്.
ഒരു കിലോ വരുന്ന (125 പവന്‍) സ്വര്‍ണക്കപ്പാണ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്. കാനായി കുഞ്ഞിരാമന്‍ കോട്ടയത്ത് ശില്‍പനിര്‍മാണത്തിന്‍െറ തിരക്കിലായതിനാല്‍ കപ്പ് രൂപകല്‍പന നീണ്ടുപോവുകയായിരുന്നു. നേരത്തെ കേരള സാങ്കേതിക സര്‍വകലാശാലക്ക് അബ്ദുല്‍ കലാമിന്‍െറ പേര് നല്‍കാന്‍ സര്‍വകലാശാലാ ബില്ലിന്‍െറ അംഗീകാരവേളയില്‍ നിയമസഭ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
