വിഴിഞ്ഞം പദ്ധതിക്കെതിരെ ഇടയലേഖനം വായിച്ചു
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ തടസ്സപ്പെടുത്തണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്‍െറ ഇടയലേഖനം ഇന്ന് പള്ളികളില്‍ വായിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരിസ്ഥിതി സംബന്ധിച്ച ചാക്രിക ലേഖനത്തിലെ പരാമര്‍ശം ഉദ്ധരിക്കുന്ന ലേഖനം ദിവ്യബലിയുടെ അവസാനമാണ് വായിച്ചത്.
വിഴിഞ്ഞം തുറമുഖപദ്ധതി ഇപ്പോള്‍ തയാറാക്കിയ രീതിയില്‍ നടപ്പാക്കുന്നത് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ നിരവധി ചട്ടങ്ങളുടെ ലംഘനമായിരിക്കും. പദ്ധതി സമീപ തീരപ്രദേശങ്ങളിലെ പതിനായിരക്കണക്കിനാളുകളുടെ വാസസ്ഥലങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കും. തീരമേഖലയുമായി ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്ന ഭയാശങ്കകള്‍ കേള്‍ക്കാനും പ്രതികരിക്കാനും ഭരണാധികാരികള്‍ തയാറാകുന്നില്ല. പലതവണ അധികൃതരുമായി ചര്‍ച്ച നടന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാനുളള്ള ക്രിയാത്മക നടപടി ഉണ്ടായില്ല. ഇക്കാര്യം പറയുന്നവരെ വികസന വിരോധികളെന്ന് മുദ്രകുത്താന്‍ അധികാരികള്‍ക്ക് മടിയില്ല. പദ്ധതി പൊതുസമൂഹത്തിന് ഗുണം ചെയ്യുമെന്ന് കരുതിയാണ് ഇതുവരെ പ്രതിഷേധത്തിന് മുതിരാതിരുന്നത്. ഇതിനെ ബലഹീനതയായി കാണാന്‍ പാടില്ല. വികസന പദ്ധതികള്‍ക്കുവേണ്ടി തുമ്പ ബഹിരാകാശ കേന്ദ്രം, അന്താരാഷ്ട്ര വിമാനത്താവളം, ട്രാവന്‍കൂര്‍ ടൈറ്റാനിയം കിടപ്പാടവും മണ്ണും വിട്ടുനല്‍കിയവരാണ് തങ്ങള്‍. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെട്ടില്ല. തുറമുഖ പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന ദുരിതപൂര്‍ണമായ അവസ്ഥയെപ്പറ്റി ഓരോ ഇടവകയിലും ബോധവത്കരണം നടത്തേണ്ടതുണ്ട്. ഇടവക പൊതുയോഗം ചേര്‍ന്ന് വിഷയം പഠിക്കുകയും അഭിപ്രായഭിന്നത മറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ലേഖനത്തില്‍ പറയുന്നു.
ആഘാത പഠന റിപ്പോര്‍ട്ട് പല സുപ്രധാന കാര്യങ്ങളും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. വസ്തുതകള്‍ മറച്ചുവെച്ച് പദ്ധതിയെ മന$പൂര്‍വം ന്യായീകരിക്കുന്നതാണ് റിപ്പോര്‍ട്ടിലെ പല നിഗമനങ്ങളും. പദ്ധതിക്ക് അനുകൂല നിലപാടാണ് അതിരൂപത ആദ്യം മുതലേ പുലര്‍ത്തിയത്. തുറമുഖം വന്നാലുണ്ടാകുന്ന പ്രശ്നങ്ങള്‍ അധികൃതരുടെ മുന്നില്‍ ഉന്നയിച്ചെങ്കിലും അത് അവഗണിച്ച് നീങ്ങുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
