പെണ്‍കുട്ടികളുടെ മരണം: മൂന്നു വിദ്യാര്‍ഥി നേതാക്കള്‍ നിരീക്ഷണത്തില്‍
text_fieldsകോന്നി: കോന്നിയില്‍ പ്ളസ് ടു വിദ്യാര്‍ഥിനികളായ ആര്യ, രാജി, ആതിര എന്നിവര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മൂന്നു യുവാക്കള്‍ നിരീക്ഷണത്തില്‍. പ്രമുഖ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍െറ നേതാക്കളാണിവര്‍. കഴിഞ്ഞ ദിവസം ഇതിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ജില്ല വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശത്തോടെയാണ് ഇയാളെ വിട്ടയച്ചത്. എല്ലാ ദിവസവും രാവിലെ സ്റ്റേഷനിലത്തെി ഒപ്പിടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ കാണാതായ ദിവസം മുതല്‍ ചെങ്ങന്നൂരും മാവേലിക്കരയിലും ഇവര്‍ ഉണ്ടായിരുന്നതായും അന്വേഷണ ഏജന്‍സി കണ്ടത്തെിയതായാണ് വിവരം.
കുട്ടികള്‍ മൂന്നുപേര്‍ മാത്രമാണ് യാത്ര ചെയ്തതെന്നും ചെങ്ങന്നൂരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ മാറി കയറി മാവേലിക്കരയില്‍ ഇറങ്ങിയതാണെന്നുമുള്ള പൊലീസിന്‍െറ പ്രസ്താവനകള്‍ തെറ്റാണെന്നുള്ള രീതിയിലേക്കാണ് അന്വേഷണം എത്തുന്നത്. ചെങ്ങന്നൂരില്‍നിന്ന് മാവേലിക്കരക്ക് കുട്ടികള്‍ പോയത് ബോധപൂര്‍വം ആയിരുന്നുവെന്നും അന്വേഷിച്ച് എത്തുന്നവരെ വഴിതെറ്റിക്കുന്നതിനുമാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് സംശയിച്ചിരുന്നു. യാത്രയിലുടനീളം ടിക്കറ്റുകള്‍ സൂക്ഷിച്ചതും മാവേലിക്കരയില്‍ മാത്രം ട്രെയിന്‍ ടിക്കറ്റ് കൗണ്ടറില്‍ ഏല്പിച്ച് മടങ്ങിയതും പൊലീസിനെ തുടക്കം മുതലേ സംശയത്തിനിട നല്‍കിയിരുന്നു. കുട്ടികള്‍ തനിച്ചാണ് യാത്ര ചെയ്തതെന്നുള്ള കണ്ടത്തെലുകളും തിരുത്തുന്ന തരത്തിലാണ് അന്വേഷണം എത്തിച്ചേരുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍െറ നേതാക്കള്‍ക്ക് വ്യക്തമായ പങ്ക് ഇതിലുള്ളതായാണ് ഇവരുടെ ഫേസ്ബുക് പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.
അടുത്ത ദിവസം അന്വേഷണത്തിന്‍െറ പ്രധാന ചുമതലയുള്ള എം.എസ്.പി കമാന്‍ഡന്റ് ഉമ ബഹ്റ കോന്നിയിലത്തെി പൊലീസ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതായും സ്കൂളിന് സമീപമുള്ള കടകളില്‍ സൂക്ഷിച്ച ശേഷമാണ് സ്കൂളിലേക്ക് പോയിരുന്നതെന്നും പൊലീസ് കണ്ടത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
