യൂത്ത് ലീഗ് കമ്മിറ്റികളിൽ 20 ശതമാനം വനിത സംവരണം
text_fieldsകോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ ഇനി 20 ശതമാനം വനിത സംവരണം. ഇതുസംബന്ധിച്ച ഭരണഘടന ഭേദഗതിക്ക് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകി. ഇതോടെ മേയ് ഒന്നിന് ആരംഭിക്കുന്ന അംഗത്വ കാമ്പയിനിലൂടെ ശാഖതലം മുതൽ നിലവിൽവരുന്ന കമ്മിറ്റികളിൽ 20 ശതമാനം വനിതകളായിരിക്കും.
എം.എസ്.എഫ് ഹരിത വിഭാഗവുമായുള്ള പ്രശ്നങ്ങളെതുടർന്ന് മുസ്ലിം ലീഗ് നേതൃത്വം വാഗ്ദാനം നൽകിയ കാര്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോഷക ഘടകത്തിന്റെ കമ്മിറ്റിയിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തുന്നത്. സംഘടനതലത്തിൽ വലിയ മാറ്റമാണ് ലീഗ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എം.എസ്.എഫ്-ഹരിത നേതൃത്വങ്ങൾ തമ്മിലെ ഭിന്നത രൂക്ഷമാവുകയും ലീഗ് നേതൃത്വത്തിനെതിരെ ഹരിത ഭാരവാഹികൾ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തത് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വനിത കമീഷനിൽ പരാതി നൽകുന്നതിലേക്കുവരെ കാര്യങ്ങൾ എത്തി. പിന്നീട് ഹരിത നേതാക്കൾക്കെതിരെ ലീഗ് നടപടിയെടുത്തതും ആക്ഷേപങ്ങൾക്കിടയാക്കി. തുടർന്ന് സമവായത്തിന്റെ ഭാഗമായി ഹരിത നേതാക്കളെ യൂത്ത്ലീഗ് നേതൃത്വത്തിലേക്ക് നോമിനേറ്റ് ചെയ്തു.
സംവരണം നടപ്പാകുന്നതോടെ വനിത വിഭാഗം യൂത്ത് ലീഗിൽ കൂടുതൽ സജീവമാകും. യൂത്ത് ലീഗ് അംഗത്വ കാമ്പയിൻ 2026 ജനുവരിയോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ സംസ്ഥാന കമ്മിറ്റി നിലവിൽവരുന്ന വിധമാണ് കാമ്പയിൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.