സംസ്ഥാനത്ത് കഴുമരം കാത്ത് 20 പേർ
text_fieldsകൊച്ചി: അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് വധശിക്ഷ വിധിക്കുന്നത്. സംസ്ഥാനത്ത് 20 പേർ പൂജപ്പുര, കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലായി വധശിക്ഷ കാത്തുകഴിയുന്നതായാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ഇതുവരെ 26 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
കണ്ണൂര്‍ സെൻട്രൽ ജയിലിലാണ് ഭൂരിഭാഗം വധശിക്ഷകളും നടപ്പാക്കിയത്. തിരുവനന്തപുരം പൂജപ്പുര സെൻട്രല്‍ ജയിലിലും കുറ്റവാളികളെ തൂക്കിലേറ്റിയിട്ടുണ്ട്. 1958ലാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. 1991ൽ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനത്തേത്.
അപൂര്‍വ കേസുകളില്‍ വധശിക്ഷ വിധിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവത്തിനും ക്രൂരതക്കുമൊപ്പം പ്രതി സ്വയം മാനസാന്തരപ്പെടാനുള്ള സാധ്യത കൂടി കണക്കിലെടുക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ വധക്കേസിൽ അമീറുൽ ഇസ്ലാം, ആര്യ കൊലക്കേസിൽ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്കുമാർ, ഒരുമനയൂർ കൂട്ടക്കൊലയിൽ റെജികുമാർ, കോളിയൂർ കൊലക്കേസിൽ അനിൽകുമാർ, വണ്ടിപ്പെരിയാറിൽ യുവതിയെയും മകളെയും പീഡിപ്പിച്ചുകൊന്ന കേസിൽ രാജേന്ദ്രൻ, മാവേലിക്കര സ്മിത വധക്കേസിൽ വിശ്വരാജൻ, ആറ്റിങ്ങൽ ഇരട്ടക്കൊലയിൽ നിനോ മാത്യു, മണ്ണാർകാട്ട് മൂന്നുപേരെ കൊന്ന കേസിൽ ഉത്തർപ്രദേശുകാരൻ നരേന്ദ്ര കുമാർ, ഒമ്പതുകാരിയെ കൊന്ന കേസിൽ നാസർ, കുണ്ടറ ആലീസ് വധക്കേസിൽ ഗിരീഷ് കുമാർ, സ്ത്രീയെ പീഡിപ്പിച്ചുകൊന്ന കേസിൽ അബ്ദുൽ നാസർ, ഫോർട്ടുകൊച്ചി ഇരട്ടക്കൊലയിൽ ജിതകുമാർ, എറണാകുളത്ത് പെട്രോളൊഴിച്ച് മൂന്നുപേരെ കൊന്ന കേസിൽ എഡിസൻ തുടങ്ങിയ പ്രതികൾ വധശിക്ഷ കാത്ത് കഴിയുന്നവരിൽ ഉൾപ്പെടുന്നു.
റിപ്പർ ജയാനന്ദൻ, കരിക്കിൻ വില്ല കൊലക്കേസ് പ്രതി റെനി ജോർജ്, പുത്തൻവേലിക്കര ഇരട്ടക്കൊലക്കേസ് പ്രതി ദയാനന്ദൻ, മഞ്ചേരിയിൽ ഭാര്യയെ കൊന്ന കേസിലെ പ്രതി രാമചന്ദ്രൻ, എറണാകുളം പച്ചാളത്തെ ബിന്ദു വധക്കേസിലെ പ്രതി റഷീദ് എന്നിവരുടെ വധശിക്ഷ ഹൈകോടതിയും കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ അഞ്ച് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതിയും റദ്ദാക്കിയിരുന്നു. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെയും ആലുവ കൂട്ടക്കൊലക്കേസിൽ ആന്റണിയുടെയും വധശിക്ഷ സുപ്രീംകോടതിയും കാസർകോട്ട് സഫിയ എന്ന 14കാരിയെ കൊലപ്പെടുത്തിയ കേസിൽ ഗോവയിലെ കരാറുകാരൻ കെ.സി. ഹംസയുടെ വധശിക്ഷ ഹൈകോടതിയും ജീവപര്യന്തമായി കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

