കെ.എസ്.ആർ.ടി.സി: പ്രതിഷേധങ്ങൾക്കിടെ ശമ്പളത്തിന് 20 കോടി
text_fieldsതിരുവനന്തപുരം: വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശേഷിക്കുന്ന ശമ്പളവിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തുക ഉടൻ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തുമെന്നാണ് വിവരം.
കേരളീയത്തിന്‍റെ പേരിൽ കോടികൾ പൊടിച്ച് സർക്കാർ ആഘോഷത്തിന് അരങ്ങൊരുക്കുമ്പോൾ സെപ്റ്റംബറിലെ ശമ്പളം കിട്ടാതെ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായത് വലിയ വിമർശനമുയർത്തിയിരുന്നു. ഭരണാനുകൂല സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. കെ.എസ്.ആർ.ടി.സി ജീവനക്കാരും പെൻഷൻകാരും കേരളീയം ബഹിഷ്കരിക്കുമെന്നുവരെ പ്രഖ്യാപനമുണ്ടായി. പിന്നാലെയാണ് ധനവകുപ്പിന്‍റെ 20 കോടി പ്രഖ്യാപനം.
സെപ്റ്റംബറിലെ രണ്ടാം ഗഡുവിന് 36 കോടി രൂപ വേണം. സർക്കാർ സഹായമായി 20 കോടി രൂപ കിട്ടുന്നതോടെ ശേഷിക്കുന്ന തുക സമാഹരിച്ച് ശമ്പളം നൽകാനാണ് മാനേജ്മെന്‍റ് നീക്കം. കലക്ഷൻ ഇനത്തിൽ പ്രതിദിനം ലഭിക്കുന്ന ആറുകോടി രൂപ വായ്പ തിരിച്ചടവിനും ഇന്ധനച്ചെലവിനുമാണ് വിനിയോഗിക്കുന്നത്. മാസങ്ങളായി 50 കോടി ഓവർ ഡ്രാഫ്റ്റെടുത്താണ് ശമ്പളം നൽകുന്നത്. ഓവര്‍ഡ്രാഫ്റ്റ് എടുത്ത തുക തൊട്ടടുത്ത മാസം അടക്കുകയും വീണ്ടും എടുക്കുകയുമാണ് ചെയ്യുന്നത്. ഇതിന്‍റെ പലിശ മാത്രം 45 ലക്ഷത്തോളം വരും.
പ്രവർത്തനമൂലധനമായി 200 കോടി നൽകാൻ കെ.എസ്.ആർ.ടി.സി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല. രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയതോടെ 40,000 പെൻഷൻകാരും പ്രതിസന്ധിയിലാണ്. 142 കോടി രൂപയാണ് പെൻഷൻ കൊടുക്കാൻ വേണ്ടത്. ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകർ ഒക്ടോബർ 31 വരെ അവധിയിലാണ്. ജോയന്‍റ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കറിനാണ് പകരം ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

