തമ്മിലടിക്കുന്നത് പിടിച്ചുമാറ്റാൻ പോയ പൊലീസിനെ ആക്രമിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsപിടിയിലായ രതീഷ് കുമാർ, അരുൺ
കണ്ണൂർ: മദ്യലഹരിയിൽ തമ്മിലടിക്കുന്നവരെ പിടിച്ചുമാറ്റാൻ പോയ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട അടൂർ അയനിവിളയിൽ രതീഷ് കുമാർ (39), ജി. അരുൺ (30) എന്നിവർക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ മാങ്ങാട്ടുപറമ്പ് കെൽട്രോൺ നഗറിൽ മദ്യലഹരിയിൽ രണ്ടുപേർ തമ്മിലടിക്കുന്നതായി തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിൽ നാട്ടുകാർ വിളിച്ചറിയിച്ചു. ഈ വിവരം ലഭിച്ചതിനെ തുടർന്നാണ് കണ്ണപുരം എ.എസ്.ഐ റഷീദ് നാറാത്ത്, സി.പി.ഒമാരായ ജിതിൻ, ശരത്ത് എന്നിവർ സ്ഥലത്തെത്തിയത്. ഇതോടെ പൊലീസുകാരെ പ്രതികൾ ആക്രമിച്ചു. ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
തലക്ക് അടിയേറ്റ സി.പി.ഒ ശരത് ആശുപത്രിയിൽ ചികിത്സ തേടി. പൊതുസ്ഥലത്ത് മദ്യപിച്ചതിനും പൊലീസിനെ മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. പറശ്ശിനിക്കടവിലെത്തിയ പ്രതികൾ മടക്കയാത്രക്കിടയിലാണ് പൊലീസിനെ ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

