ദേശീയപാതയിൽ വാഹനങ്ങൾ കൊള്ളയടിക്കുന്ന രണ്ട് കൊടുംകുറ്റവാളികൾ കൂടി അറസ്റ്റിൽ; ഒരാൾക്കെതിരെ 60 കേസ്, മറ്റൊരു ഹൈവേകൊള്ള കേസിൽ ജയിൽ മോചിതനായത് കഴിഞ്ഞ മാസം
text_fieldsഅങ്കമാലി പൊലീസ് പിടികൂടിയ രാഗേഷ്, ജുഗൽ
അങ്കമാലി: ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി കൊള്ളയടിക്കുന്ന സംഘത്തിൽപ്പെട്ട രണ്ട് കൊടുംകുറ്റവാളികൾ കൂടി പൊലീസ് പിടിയിൽ. അന്തിക്കാട് പെരിങ്ങോട്ടുകര കിഴക്കുമുറി അയ്യാട്ട് വീട്ടിൽ രാഗേഷ് എന്ന കായ്ക്കുരു രാഗേഷ് (42), വാടാനപ്പള്ളി ഗണേശമംഗലം മേപ്പറമ്പിൽ വീട്ടിൽ ജുഗൽ (21) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച അങ്കമാലി പൂതംകുറ്റി ഭാഗത്ത് നിന്ന് അഞ്ച് പേരെ വാഹന പരിശോധനക്കിടെ അങ്കമാലി പൊലീസ് പിടികൂടിയിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊടും കുറ്റവാളികളായ രണ്ട് പേരെകൂടി അങ്കമാലി പൊലീസ് സാഹസികമായി പിടികൂടിയത്. ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് അക്രമികൾ പിടിയിലായത്.
അറുപതോളം കേസുകളിലെ പ്രതിയാണ് രാഗേഷ്. ഹൈവേ കൊള്ള കേസിൽ കർണാടകയിലെ ജയിലിൽ നിന്ന് കഴിഞ്ഞ ജൂൺ അവസാനമാണ് ഇയാൾ പുറത്തിറങ്ങിയത്. ജുഗൽ 11 കേസുകളിലും പ്രതിയാണ്. ഇയാളെ കാപ്പചുമത്തി ജില്ലയിൽ നിന്ന് നാട് കടത്തിയിരിക്കുകയായിരുന്നു. ഇരുവരും അങ്കമാലിയിൽ ഹൈവേ കൊള്ള നടത്തുന്നതിന് ഒത്തുകൂടിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഞാറക്കൽ വൈപ്പിൻ ബ്ലാവേലി വീട്ടിൽ ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട്ടിൽ അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട്ടിൽ നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട്ടിൽ ജോയി (53), ആലപ്പുഴ മുളക്കുഴ പുത്തൻപുരക്കൽ വീട്ടിൽ ഷെമാൻ മാത്യു (33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ദേശീയപാതയിലൂടെ പണവുമായി വരുന്ന വാഹനം തടഞ്ഞുനിർത്തി കൊള്ളയടിക്കുന്നതിനാണ് സംഘം പദ്ധതിയിട്ടിരുന്നത്.
ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിലെ നെടുമ്പാശ്ശേരി ഇൻസ്‌പെക്‌ടർ ബി.കെ. അരുൺ, എസ്. ഐമാരായ നെൽസൺ, അഖിൽ സെബാസ്റ്റ്യൻ, സുനിൽ, സീനിയർ സി.പി.ഒമാരായ കെ.ആർ. മഹേഷ്, അജിത തിലകൻ, അനൂപ് എന്നിവരാണുണ്ടായിരുന്നത്. ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി റൂറൽ ജില്ലയിൽ നടന്ന പരിശോധനയിൽ ഇതിനകം 25ഓളം ക്രിമിനലുകൾ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

