സ്വാതന്ത്ര്യ സമര സ്മൃതികളിൽ പ്രഥമ കോൺഗ്രസ് സമ്മേളനം
text_fieldsആന്ധ്ര കേസരി ടി. പ്രകാശം
ഒറ്റപ്പാലം: 1921 ഏപ്രിൽ 23. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവഴിയിൽ കേരള പ്രദേശ് കോൺഗ്രസിന്റെ പ്രഥമ സമ്മേളനം ഒറ്റപ്പാലത്ത് ആരംഭിച്ചത് അന്നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയർന്ന പ്രതിഷേധ കനൽ ഊതി തീജ്വാലയാക്കാൻ ഈ സമ്മേളനത്തിന് കഴിഞ്ഞെന്നതും ചരിത്രം.
കെ.പി.സി.സിയുടെ തീരുമാനമനുസരിച്ചായിരുന്നു മൂന്നുനാൾ നീണ്ട സമ്മേളനം. കൊച്ചി, തിരുവിതാംകൂർ, മലബാർ പ്രദേശങ്ങൾ ഉൾപ്പെട്ട പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സാരഥ്യം വഹിച്ചത് സെക്രട്ടറിയായിരുന്ന കെ. മാധവൻ നായരും ജോ. സെക്രട്ടറിയായിരുന്ന യു. ഗോപാലമേനോനും കെ.വി. കുഞ്ഞുണ്ണിമേനോനും (ഓഫിസ് സെക്രട്ടറി) ആയിരുന്നു.
അഭിഭാഷകനും പൗര പ്രമുഖനുമായിരുന്ന പെരുമ്പിലാവിൽ രാമുണ്ണി മേനോനായിരുന്നു ഒറ്റപ്പാലം സമ്മേളനത്തിന്റെ ചുമതല. ഇദ്ദേഹം സെക്രട്ടറിയും എൽ.എൻ. സുബ്ബരാമയ്യർ പ്രസിഡന്റുമായ സ്വാഗത സംഘമാണ് സമ്മേളനം നിയന്ത്രിച്ചിരുന്നത്.
23ന് ഉച്ചക്ക് രണ്ടിന് സമ്മേളനം ആരംഭിച്ചു. ഇതിനും രണ്ട് ദിവസം മുമ്പ് സമ്മേളന നഗരിയിലേക്ക് സ്വാതന്ത്ര്യം സ്വപ്നം കണ്ടിരുന്നവരുടെ പ്രവാഹം തുടങ്ങിയിരുന്നു.
ഗാന്ധിജിയുടെയും മറ്റു ദേശീയ നേതാക്കളുടെയും പുസ്തകങ്ങളും അവരുടെ ഛായാചിത്രങ്ങളും പന്തലിൽ പ്രദർശിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ മണത്തറിഞ്ഞ മലബാർ ജില്ല പൊലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് ഒറ്റപ്പാലത്തെ നിരീക്ഷണ ചുമതല സ്വയം ഏറ്റെടുത്തു. വൻ പൊലീസ് സന്നാഹവും ഒറ്റപ്പാലത്ത് തമ്പടിച്ചു. പൊതുസമ്മേളങ്ങളിൽ നമ്പൂതിരിമാർ പോകുന്നതിനു ഏർപ്പെടുത്തിയിരുന്ന സമുദായ വിലക്ക് ലംഘിച്ച് ഉണ്ണി നമ്പൂതിരിമാർ പങ്കെടുത്ത സമ്മേളനമെന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു. ആന്ധ്ര കേസരി ടി. പ്രകാശം ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ. പാലിയത്ത് കുഞ്ഞുണ്ണി അച്ഛൻ, കെ.പി. കേശവമേനോൻ, ബാരിസ്റ്റർ എ.കെ. പിള്ള, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, പാലിയത്ത് രാമൻ മേനോൻ, സൈത് മുഹമ്മദ് മൗലവി തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു.
അഭിഭാഷകരോട് കോടതികളും വിദ്യാർഥികളോട് ബ്രിട്ടീഷുകാരുടെ കലാലയങ്ങളും പൊതുജനങ്ങളോട് വിദേശ വസ്ത്രങ്ങളും ബഹിഷ്കരിക്കാനായിരുന്നു നേതാക്കളുടെ ആഹ്വാനം. വൈകീട്ട് നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ മുസ്ലിങ്ങളോടൊപ്പം ഹിന്ദുക്കളുടെയും സജീവ സാന്നിധ്യമായി.
26ന് രാവിലെ ‘ഇൻഡിപെൻഡന്റ്’ പത്രാധിപർ ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ വിദ്യാലയ ബഹിഷ്കരണം മുഖ്യവിഷയമായി. എല്ലാ ജനവിഭാഗങ്ങളെയും സമ്മേളനപ്പന്തലിൽ ഒരുമിച്ചുകണ്ടതോടെ ബ്രിട്ടീഷ് പൊലീസിനുണ്ടായ രോഷം ജനങ്ങൾക്കുനേരെ മർദനം അഴിച്ചുവിട്ടാണ് പക തീർത്തത്.
പെരുമ്പിലാവിൽ രാമുണ്ണി മേനോനും ഖിലാഫത്ത് സെക്രട്ടറി ഹമീദ്ഖാനും അന്വേഷിക്കാനായി സംഭവസ്ഥലത്തെത്തി.
രാമുണ്ണിമേനോന് ക്രൂര മർദനമാണ് ഏൽക്കേണ്ടിവന്നത്. വളന്റിയർ ക്യാപ്റ്റനായിരുന്ന വി.ടി. ഭട്ടതിരിപ്പാടിനെ എറിഞ്ഞുവീഴ്ത്തി ഇരുമ്പുവടികൊണ്ടടിച്ചു പരിക്കേൽപ്പിച്ചു. ദേശീയ പ്രസ്ഥാനത്തിലേക്ക് വി.ടി കാലെടുത്തുവെച്ചത് ഒറ്റപ്പാലം സമ്മേളനത്തിൽ നിന്നുൾക്കൊണ്ട ഊർജത്തിന്റെ പിൻബലത്തിലായിരുന്നു.

