1933 സുപ്രധാന ഫയലുകള്‍ തീര്‍പ്പാക്കി- വീണാ ജോര്‍ജ്
text_fieldsകോഴിക്കോട് : സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തിര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി 1933 സുപ്രധാന ഫയലുകള്‍ തീര്‍പ്പാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ 1371 ഫയലുകളും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 562 ഫയലുകളുമാണ് തീര്‍പ്പാക്കിയത്.
ഞായറാഴ്ചയായിരുന്നിട്ടും ഓഫീസുകള്‍ പ്രവൃത്തി ദിനം പോലെ പ്രവര്‍ത്തിച്ചു. ഭൂരിഭാഗം ജീവനക്കാരും ഹാജരായി. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ്, വകുപ്പിലെ ജീവനക്കാരുടെ സര്‍വീസ് കാര്യങ്ങള്‍, വിജിലന്‍സ് കേസുകള്‍, അച്ചടക്ക നടപടികള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഫയലുകളാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ തീര്‍പ്പാക്കിയത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പിപി പ്രീതയുടെ നേത്യത്വത്തില്‍ അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, വിവിധ വിഭാഗങ്ങളിലെ സൂപ്രണ്ടുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജീവനക്കാരുടെ പ്രൊമോഷന്‍, സ്ഥലംമാറ്റം, സര്‍വീസ് കാര്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പോസ്റ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ ഫയലുകളാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ തീര്‍പ്പാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ജോ. ഡയറക്ടര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.