Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള പബ്ലിക് സർവിസസ്...

കേരള പബ്ലിക് സർവിസസ് ആക്ട് ഉൾപ്പെടെ 19 നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നു; ഭരണനിർവഹണത്തിൽ എ.ഐ സാധ്യത പരിശോധിക്കും

text_fields
bookmark_border
കേരള പബ്ലിക് സർവിസസ് ആക്ട് ഉൾപ്പെടെ 19 നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നു; ഭരണനിർവഹണത്തിൽ എ.ഐ സാധ്യത പരിശോധിക്കും
cancel

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ നിയമനവും സേവന വ്യവസ്ഥകളും നിയന്ത്രിക്കുന്ന കേരള പബ്ലിക് സർവിസസ് ആക്ട് ഉൾപ്പെടെ 19 നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുന്നു.

കേരള സർവിസ് റൂൾസ് (കെ.എസ്.ആർ), കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവിസസ് റൂൾസ് (കെ.എസ് ആൻഡ് എസ്.എസ്.ആർ) കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ), കേരള പബ്ലിക് അക്കൗണ്ട്സ് ആക്ട് (1963), കേരള സിവിൽ സർവിസസ് റൂൾസ് (1960), കേരള ഫിനാൻഷ്യൽ കോഡ്, കേരള ട്രഷറി കോഡ്, കേരള പബ്ലിക് സർവിസ് കമീഷൻ റഗുലേഷൻസ്, റൂൾസ് ഓഫ് ബിസിനസ് ഓഫ് ഗവ. ഓഫ് കേരള, വിവരാവകാശ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ തുടങ്ങിയവയിലാണ് മാറ്റം കൊണ്ടുവരുന്നത്. ഭരണസംവിധാനം കാലാനുസൃതമായി മെച്ചപ്പെടുത്താനും സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ട് പൊതുഭരണ വകുപ്പിൽ ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ എൻജിനീയറിങ് സെൽ (ബി.പി.പി.ആർ സെൽ) രൂപവത്കരിച്ചും പ്രിൻസിപ്പൽ സെക്രട്ടറി/ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ ചുമതലക്കാരനായി നിയമിച്ചും ഇറക്കിയ ഉത്തരവിലാണ് കാലാനുസൃതമായി പരിഷ്കരിക്കാൻ ലക്ഷ്യമിടുന്ന നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തിയത്.

പുതുതായി രൂപവത്കരിച്ച സെല്ലിൽ ജോയൻറ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി, അണ്ടർ സെക്രട്ടറി, സെക്ഷൻ ഓഫിസർ, അസിസ്റ്റന്‍റ്, കമ്പ്യൂട്ടർ അസിസ്റ്റന്‍റ് ഉൾപ്പെടെയുള്ള ജീവനക്കാർ അടങ്ങിയതായിരിക്കും സെല്ലിലെ സ്റ്റാഫ് ഘടന. സെല്ലിന്‍റെ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള അധിക കൺസൽട്ടിങ് സഹായത്തിനായി കൺസൽട്ടിങ് സ്ഥാപനങ്ങളെയോ നിയമോപദേശ ഏജൻസികളെയോ സെൽ ചുമതലയുള്ള സെക്രട്ടറിക്ക് കരാർ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാം. ഇതിന് പുറമെ നിയമം, ധനകാര്യം, ആസൂത്രണം, ഐ.ടി ആൻഡ് ഇലക്ട്രോണിക്സ്, പൊതുഭരണം, ഉദ്യോഗസ്ഥ ഭരണ പരിഷ്കരണം തുടങ്ങിയ വകുപ്പുകളുടെയും ആവശ്യമെങ്കിൽ മറ്റ് വകുപ്പുകളുടെയും വൈദഗ്ധ്യം സെല്ലിന് ഉപയോഗിക്കാം. കേരള ഐ.ടി മിഷൻ, എൻ.ഐ.സി, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി, ഐ.എം.ജി, നിയമവിദഗ്ധർ, എ.ഐ/ ഡിജിറ്റൽ ഗവേണൻസ് വിദഗ്ധർ, സ്വകാര്യമേഖലയിലെ ഡേറ്റ സംരക്ഷണ വിദഗ്ധർ, അക്കാദമിക് സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സാങ്കേതികവും പ്രഫഷനലുമായ പിന്തുണയും സെല്ലിന് സ്വീകരിക്കാവുന്നതാണ്.

സെൽ സെക്രട്ടേറിയറ്റിലെ ഫയൽ സഞ്ചാരം, റൂൾസ് ഓഫ് ബിസിനസ്, സെക്രട്ടേറിയറ്റ് ഓഫിസ് മാന്വൽ, വകുപ്പ് മാന്വൽ, ഇ-ഓഫിസ് പ്രവർത്തനം തുടങ്ങിയവയിൽ ആവശ്യമായ പുനഃപരിശോധന നടത്തണം. സർവിസ് ചട്ടങ്ങൾ, വിശേഷാൽ ചട്ടങ്ങൾ, കെ.എ.എസ് ചട്ടങ്ങൾ തുടങ്ങിയവയിലെ പരിശോധനയും സെല്ലിന്‍റെ ചുമതലയാണ്.

ഫയലുകളുടെ സംഗ്രഹത്തിന് സുരക്ഷിതവും ഉപയോഗപ്രദവുമായ എ.ഐ ഉപയോഗ സാധ്യതയും സെൽ പരിശോധിക്കണം. തീരുമാനങ്ങൾ എടുക്കുന്നതിന് സഹായകമായ രീതിയിൽ എ.ഐ ഉപയോഗവും അന്തിമ തീരുമാനം ഉത്തരവാദിത്തപ്പെട്ട അധികാരിയിൽ തന്നെ നിക്ഷിപ്തമാക്കുന്ന രീതിയുടെ സാധ്യതയാണ് സെൽ പരിശോധിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Public Service CommissionKerala Service Rules
News Summary - 19 laws and regulations, including the Kerala Public Services Act, are being revised
Next Story