You are here

കൊച്ചിയിൽ 17കാരിയെ യുവാവ് തീ കൊളുത്തി കൊന്നു;​ തീ പടർന്ന്​ യുവാവും മരിച്ചു​

07:20 AM
10/10/2019
devika-death

കാക്കനാട് (കൊച്ചി): അർധരാത്രി വീട്ടിൽ അതിക്രമിച്ച്​ കയറി പ്ലസ് ​ടു വിദ്യാർഥിനിയെ പെട്രോളൊഴിച്ച്​ തീകൊളുത്തി കൊന്നശേഷം യുവാവ്​ ജീവനൊടുക്കിയ സംഭവത്തിന്​ പിന്നിൽ പ്രണയനിരാസമെന്ന്​. നോർത്ത് പറവൂർ സ്വദേശി പാടത്ത് വീട്ടിൽ മിഥുനാണ്​ (26)​ ബന്ധുവും കാക്കനാട്​ മണ്ണോർകോട്ട്​ മൂലയിൽ പദ്മാലയം വീട്ടിൽ ഷാല​ൻ- മോളി ദമ്പതികളുടെ മകളുമായ ദേവികയെ (പാറു -17) കൊല​പ്പെടുത്തിയത്​. ബു​ധനാഴ്​ച അർധരാത്രിയോടെയാണ്​ നാടിനെ നടുക്കിയ സംഭവം.

ഏറെനാളായി പ്രണയത്തിലായിരുന്ന മിഥുനും ദേവികയും വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നിട്ടും മിഥുൻ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായി ദിവസങ്ങൾക്കുമുമ്പ് ഷാലൻ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം എട്ടിന് ഇരു വീട്ടുകാരെയും സ്​റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ്​ സംസാരിച്ചു. ഇനി പ്രശ്നമുണ്ടാകില്ലെന്ന് മിഥുൻ ഉറപ്പുനൽകി. എന്നാൽ, പൊലീസിൽ പരാതിപ്പെട്ടതിലെ വൈരാഗ്യമാണ് കൊലയിലും ആത്മഹത്യയിലും കലാശിച്ചതെന്ന്​ പറയുന്നു. 

എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ദേവിക ബുധനാഴ്‌ച വൈകീട്ട്​ ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയും മിഥുൻ ശല്യം ചെയ്തിരുന്നത്രെ. രാത്രി 12ഓടെ ബൈക്കിൽ കാക്കനാ​ട്ടെത്തിയ മിഥുൻ പെൺകുട്ടിയുടെ വീട്ടിലെത്തി മുട്ടിവിളിച്ചു. വാതിൽ തുറന്ന ഷാലനുമായി പൊലീസ് സ്​റ്റേഷനിലുണ്ടായ പ്രശ്നങ്ങളെച്ചൊല്ലി വാക്​തർക്കമുണ്ടാകുകയും ദേവികയെ കാണാൻ ബഹളം വെക്കുകയും ചെയ്​തു. ശബ്​ദം കേട്ട് അമ്മയോടൊപ്പം മുറിയിൽനിന്നിറങ്ങിയ പെൺകുട്ടിയെ കണ്ടതോടെ വീടിനകത്തേക്ക് അതിക്രമിച്ച് കയറിയ മിഥുൻ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ച് തീകൊളുത്തി പുറത്തേക്കോടി. ദേവികയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷാലനും പൊള്ളലേറ്റു. മോളിയുടെ ദേഹത്തും പെട്രോൾ വീണെങ്കിലും ഇളയ മകൾ ദേവകിയോടൊപ്പം പുറത്തേക്ക്​ ഓടിയതിനാൽ തീ പടർന്നില്ല. ഒന്നര ലിറ്ററോളം പെട്രോളാണ്​ മിഥുൻ കൈയിൽ കരുതിയിരുന്നതെന്ന്​ ഇൻഫോപാർക്ക് എസ്.​െഎ ഷാജു പറഞ്ഞു.

നിലവിളി കേട്ട് സ്ഥലത്തെത്തിയ അയൽവാസികളായ കൃഷ്ണൻകുട്ടിയും ജെയ്സണും കാണുന്നത് മുറ്റത്തുനിന്ന് കത്തുന്ന മിഥുനെയാണ്​. ദേവിക തൽക്ഷണം മരിച്ചു. മിഥുനെ കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ ഷാലൻ കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. ഇൻഫോ പാർക്ക്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു. ദേവികയുടെ മൃതദേഹം തൃക്കാക്കര മുനിസിപ്പൽ പൊതുശ്മശാനത്തിൽ സംസ്​കരിച്ചു. മിഥു​​െൻറ സംസ്​കാരം വെള്ളിയാഴ്​ച.

Loading...
COMMENTS