17കാരൻ സ്കൂട്ടര്‍ ഓടിച്ചു; ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും
text_fieldsമഞ്ചേരി: 17കാരന് സ്കൂട്ടര്‍ ഓടിക്കാൻ നല്കിയ ബന്ധുവിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചു. കൂട്ടിലങ്ങാടി കൂരിവീട്ടില്‍ റിഫാക്ക് റഹ്മാനെയാണ് (33) മജിസ്ട്രേറ്റ് എ.എ. അഷ്റഫ് ശിക്ഷിച്ചത്.
2022 ഒക്ടോബര്‍ 19നാണ് ഇയാള്‍ 17കാരന് സ്കൂട്ടര്‍ നല്‍കിയത്. മലപ്പുറത്തുനിന്ന് രാമപുരത്തേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ്.ഐ സി.കെ. നൗഷാദ് പിടികൂടി. സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നു.
പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും റിഫാക്ക് റഹ്മാന് പിഴ അടച്ചു.

