ജഡ്ജിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; 17കാരന്‍ പിടിയിൽ
text_fieldsകൊച്ചി: ജഡ്ജിയുടെ മകനായ 17കാരന്‍ ഓടിച്ച ആഢംബര വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണനാണ് മരിച്ചത്. കൊച്ചി ചേരാനല്ലൂരില്‍ ഞായറാഴ്ച പുലര്‍ച്ചയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അഡിഷണല്‍ ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ മകനാണ് പടിയിലായത്. അച്ഛനായ ജഡ്ജിയുടെ പേരിലുള്ള ബെൻസ് കാറാണ് 17കാരന്‍ ഓടിച്ചിരുന്നത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണനെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ച വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയബാലകൃഷ്ണൻ. ജയബാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് റോഡിലാകെ ചിതറിയ നിലയിലായിരുന്നു. സ്‌കൂട്ടര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകട സമയത്ത് പ്രദേശത്ത് ശക്തമായ മഴ കാരണം റോഡ് വ്യക്തതയോടെ കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ ചേരാനല്ലൂർ പൊലീസിന് നൽകിയ മൊഴി.

