17കാരന് മർദനമേറ്റ സംഭവം: വൃദ്ധസദനത്തിൽനിന്ന് അന്തേവാസികളെ മാറ്റുന്നു; പ്രതികൾ ഒളിവിൽ
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: പതിനേഴുകാരന് മർദനമേറ്റ, പാസ്റ്റർ ബിനു വാഴമുട്ടത്തിന്‍റെ നേതൃത്വത്തിലുള്ള വൃദ്ധസദനത്തിൽനിന്ന് അന്തേവാസികളെ മാറ്റിത്തുടങ്ങി. ചെന്നീർക്കര പഞ്ചായത്തിലെ വട്ടോലി മലയിൽ ഏലോഹിം ഗ്ലോബൽ വർഷിപ് സെന്റർ എന്ന സ്ഥാപനത്തിന് കീഴിലാണ് സ്നേഹ തണൽ എന്ന പേരിൽ വൃദ്ധസദനം പ്രവർത്തിക്കുന്നത്. ഇടുക്കി അണക്കര സ്വദേശിയായ 17കാരനാണ് ഇവിടെ മർദനത്തിനിരയായത്. പഠിപ്പിക്കാൻ സ്കൂളിൽ അയക്കുമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന കുട്ടിയെക്കൊണ്ട് വൃദ്ധസദനത്തിലെ അന്തേവാസികളെ കുളിപ്പിക്കുക, കെട്ടിടം പണി തുടങ്ങിയ ജോലികൾ ചെയ്യിപ്പിക്കുകയായിരുന്നു. ഇതിന് വിസമ്മതിച്ചതിന്‍റെ പേരിലായിരുന്നു മർദനം.
പരാതിയെ തുടർന്ന് വനിത ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ അന്വേഷണത്തിന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ വ്യാഴാഴ്ച സ്ഥാപനത്തിൽ പരിശോധന നടത്തി. കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായി പരിശോധനയിൽ കണ്ടെത്തി. കുട്ടിക്ക് മർദനമേറ്റെന്നും സ്ഥിരീകരിച്ചു. സ്ഥാപനത്തിൽനിന്ന് ഇടുക്കിയിലെ വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. കോട്ടയം സ്വദേശിയായ മറ്റൊരു 17 കാരനെയും ഇവിടെനിന്ന് കണ്ടെത്തി. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കി.
21 ഓളംഅന്തേവാസികളാണ് സ്ഥാപനത്തിൽ കഴിയുന്നത്. ചെന്നീർക്കര ഗ്രാമ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ഇലവുംതിട്ട പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്തേവാസികളെ സമീപങ്ങളിലെ അംഗീകൃത കേന്ദ്രങ്ങളിലേക്കു മാറ്റുന്നത്. കേസെടുത്തതിനെ തുടർന്ന് പാസ്റ്ററും മർദിച്ച ജീവനക്കാരും ഒളിവിലാണ്. മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തത്. കേസ് പത്തനംതിട്ട പൊലീസിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

