കെ.പി.സി.സിക്ക് 17 അംഗ കോർകമ്മിറ്റി; കൺവീനർ ദീപദാസ് മുൻഷി, എ.കെ. ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിൽ
text_fieldsദീപദാസ് മുൻഷി, എ.കെ. ആന്റണി, ഷാനിമോൾ ഉസ്മാന്‍
ന്യൂഡൽഹി: കെ.പി.സി.സിക്ക് 17 അംഗ കോർകമ്മിറ്റി നിലവിൽവന്നു. ദീപദാസ് മുൻഷിയാണ് കൺവീനർ. മുതിർന്ന നേതാവായ എ.കെ. ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. വെള്ളിയാഴ്ച ഡൽഹിയിൽനടന്ന ചർച്ചയിലാണ് തീരുമാനം. സംഘടനാകാര്യങ്ങൾ ഏകോപിപ്പിക്കാനായി കോർകമ്മിറ്റി രൂപവത്കരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 പേർ ഉൾപ്പെടുന്ന കോർകമ്മിറ്റി പ്രഖ്യാപിച്ചത്. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ളവർ കമ്മിറ്റിയിലുണ്ട്. കോർകമ്മിറ്റി ആഴ്ച്ചയിൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങൾ എടുക്കണമെന്നാണ് നിർദേശം.
നേരത്തെ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി കെ.പി.സി.സി പുനഃസംഘടനയിലെ അതൃപ്തി ഹൈകമാൻഡിനെ അറിയിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കേരള നേതാക്കളുടെ വിമർശനം. പുനഃസംഘടനയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് പരിഹരിക്കാനാണ് കേരളത്തിൽനിന്നുള്ള പ്രവർത്തക സമിതി അംഗങ്ങൾ അടക്കം മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചത്.
കോൺഗ്രസിൽ അനൈക്യമുണ്ടാക്കുന്നത് നേതാക്കളാണെന്ന് കെ. സുധാകരൻ തുറന്നടിച്ചു. പുനഃസംഘടനയിലെ അതൃപ്തി ഹൈകമാൻഡിന്റെ മുഖത്ത് നോക്കി പറഞ്ഞുവെന്ന് കെ. സുധാകരൻ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അനൈക്യം തടയാനുള്ള നടപടി ഹൈകമാൻഡിനെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിൽ തർക്കമൊന്നുമില്ലെന്നും വിവിധ വിഷയങ്ങളിലുണ്ടാകുന്ന ഭിന്നാഭിപ്രായങ്ങളെല്ലാം തർക്കങ്ങളായി കൂട്ടരുതെന്നും സുധാകരൻ പറഞ്ഞു.
സുധാകരൻ അടക്കമുള്ള നേതാക്കൾ അതൃപ്തി അറിയിച്ചത് ശരിവെച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എല്ലാക്കാര്യവും മാധ്യമങ്ങളോട് പറയാനാകില്ലെന്ന് പ്രതികരിച്ചു. കേരളത്തിൽ 100 ശതമാനവും വിജയിക്കുമെന്ന് അവകാശപ്പെട്ട ഖാർഗെ, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾ ആരെയെങ്കിലും നിർദേശിച്ചാൽ ചർച്ച ചെയ്യാമെന്ന് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

