168 കുഞ്ഞയ്യപ്പൻമാർക്ക് തുള്ളിമരുന്ന് നൽകി
text_fieldsശബരിമല: കുഞ്ഞയ്യപ്പന്മാർക്കും കുഞ്ഞു മാളികപ്പുറങ്ങൾക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകാൻ ആരോഗ്യവകുപ്പ് പമ്പയിൽ സജ്ജീകരിച്ച പൾസ് പോളിയോ ബൂത്തിന്റെ ഉദ്ഘാടനം ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര നിർവഹിച്ചു. ‘സ്വാസ്ഥ്യം ശരണം, ആരോഗ്യത്തോടെ ശരണയാത്ര' എന്ന പേരിലാണ് ശബരിമലയിൽ ആരോഗ്യവകുപ്പ് കാമ്പയിൻ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
ചടങ്ങിൽ പമ്പ പൊലീസ് സ്പെഷൽ ഓഫിസർ നിയാസ്, അഡീഷനൽ സ്പെഷൽ ഓഫിസർ ഡോ. നന്ദഗോപൻ, അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് മനു സത്യൻ, ജില്ല ശബരിമല നോഡൽ ഓഫിസർ കെ.കെ. ശ്യാംകുമാർ, മെഡിക്കൽ ഓഫിസർമാരായ ഡോ. സജിൻ, ഡോ. ജിജോ എന്നിവർ പങ്കെടുത്തു.
ശബരിമല തീർഥാടനത്തിനെത്തിയ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള 100 കുട്ടികൾക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 68 കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി.
വഴികാട്ടിയായി ‘അയ്യന് 4.0’ ആപ്പ്
ശബരിമല: തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരല്‍ത്തുമ്പിലെത്തിക്കാൻ വനം-വന്യജീവി വകുപ്പ് വികസിപ്പിച്ച നവീകരിച്ച അയ്യന് 4.0 മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി ഷിബു ബേബി ജോണ്‍ പ്രകാശനം ചെയ്തു. പ്രധാന തീർഥാടന പാതകള്‍, ദൂരവിവരങ്ങള്, പാര്‍ക്കിങ് സൗകര്യങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ക്ഷേത്ര ദര്‍ശന സമയം, കാലാവസ്ഥ മുന്നറിയിപ്പുകള്‍, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. കാനനപാതകളിലെ സുരക്ഷ നിര്‍ദേശങ്ങള്‍, വന്യജീവി സംബന്ധമായ മുന്‍കരുതലുകള്‍, പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍, ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ വിവരങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെൽപ് ലൈൻ നമ്പറുകളും നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താനുള്ള സഹായവും ആപ്പിന്റെ പ്രത്യേകതകളാണ്.
പമ്പ മലിനമാക്കിയാൽ 5,000 രൂപ വരെ പിഴ
ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ പമ്പ നദിയിലെയും സ്നാന ഘട്ടങ്ങളിലെയും മലിനീകരണം തടയാൻ ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനം ലംഘിക്കുന്നവരിൽനിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കും. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചു.

