1,667 ഏക്കർ സർക്കാർ ഭൂമി കൈയേറ്റക്കാർക്ക് സ്വന്തം
text_fieldsകൊച്ചി: സംസ്ഥാനത്ത് 1,667 ഏക്കർ (675.25 ഹെക്ടർ) സർക്കാർ ഭൂമി കൈയേറ്റക്കാരുടെ കൈയിൽ. മുക്കാൽ ലക്ഷത്തോളം പട്ടികജാതി കുടുംബങ്ങൾ സ്വന്തമായി ഭൂമിയില്ലാതെ കഴിയുമ്പോഴാണ് വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളുമടക്കം സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കൈയേറിയത് ഇടുക്കി ജില്ലയിലാണ്-260.87 ഹെക്ടർ. കുറവ് കണ്ണൂരിലും- 4.88 ഹെക്ടർ.
വിവിധ ജില്ലകളിലെ സർക്കാർ വകുപ്പുകളുടെ ഭൂമികളാണ് കൈയടക്കിയിരിക്കുന്നത്. പൊതുമരാമത്ത്, പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ റോഡുകളും കൈയേറിയവയിൽപ്പെടുന്നു. 1957ലെ കേരള ഭൂസംരക്ഷണ നിയമപ്രകാരം സർക്കാർ ഭൂമിയിലെ കൈയേറ്റം കണ്ടെത്താനും തടയാനും വില്ലേജ് ഓഫിസർമാർക്ക് കർശന നിർദേശം നൽകിയിരുന്നു.
ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ വിഭാഗം ഇത്തരം കൈയേറ്റം അളന്നു തിട്ടപ്പെടുത്തി ബന്ധപ്പെട്ട വകുപ്പുകൾക്ക് സ്കെച്ച് സഹിതം റിപ്പോർട്ട് നൽകിയെങ്കിലും കാര്യമായ തുടർ നടപടികളുണ്ടായില്ല. ജില്ലതലത്തിലും ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് വേഗതയില്ല. വർഷങ്ങളായി കൈയേറ്റം നിലനിൽക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾ പലപ്പോഴും എങ്ങുമെത്താതെ പോകുകയാണ്.
2025ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 73,687 പട്ടികജാതി കുടുംബങ്ങൾക്കും 5736 ആദിവാസി കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയില്ല. 62,750 പട്ടികജാതി കുടുംബങ്ങളും 10,777 ആദിവാസി കുടുംബങ്ങളും ഭവനരഹിതരാണ്. ഭൂരഹിത പട്ടികജാതി കുടുംബങ്ങൾ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലും (11,096) ആദിവാസി കുടുംബങ്ങൾ വയനാട്ടിലുമാണ് (2883).
വിവിധ ജില്ലകളിലെ കൈയേറ്റം (ഹെക്ടറിൽ)
ഇടുക്കി 260.87
തിരുവനന്തപുരം 106.87
വയനാട് 75.70
എറണാകുളം 54.12
കോഴിക്കോട് 32.55
പത്തനംതിട്ട 29.53
കോട്ടയം 22.87
ആലപ്പുഴ 21.94
തൃശൂർ 21.21
കാസർകോഡ് 15.01
പാലക്കാട് 11.09
മലപ്പുറം 9.30
കൊല്ലം 9.23
കണ്ണൂർ 4.88
ആകെ 675.25
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

