10 വർഷത്തിനിടെ 160 മത്സ്യത്തൊഴിലാളികളെ കാണാതായി; കണക്ക് പുറത്തുവിട്ട് സർക്കാർ
text_fieldsഫിഷറീസ് വകുപ്പ് പുറത്തുവിട്ട കണക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ സംബന്ധിച്ച് വിവാദമുയർന്നതോടെ 10 വർഷത്തിനിടയിൽ കാണാതായവരുടെ കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. പത്തു വർഷത്തിനിടെ 160 മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. 469 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം, 47,773 മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് രക്ഷപ്പെടുത്താനും കഴിഞ്ഞതായി ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിനിടെയാണ് ഫിഷറീസ് വകുപ്പിന്റെ ഈ വിശദീകരണം. പത്ത് വർഷത്തിനിടെ നടത്തിയത് 5,072 കടൽ രക്ഷാപ്രവർത്തനങ്ങളും 23,000 പട്രോളിങ്ങുകളുമാണ്. വർഷത്തിൽ ഏകദേശം 300 മുതൽ 600 വരെയുള്ള സീ റെസ്ക്യൂ ഓപറേഷനുകൾ നടക്കുന്നതായും ഫിഷറീസ് വകുപ്പ് അറിയിച്ചു.
2017-18 വർഷത്തിൽ മാത്രം 79 മരണവും 29 മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുമുണ്ട്. ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളികളെ (6,556 പേർ) രക്ഷപ്പെടുത്തിയത് 2025-26 വർഷത്തിലാണ്. 2020-21ലാണ് ഏറ്റവും കുറവ് (1,998 പേർ) രേഖപ്പെടുത്തിയത്. 2017-18 വർഷത്തിൽ ഏറ്റവും ഉയർന്ന മരണസംഖ്യ (79 പേർ) രേഖപ്പെടുത്തി.
അതേസമയം, തിരുവനന്തപുരത്തും കൊല്ലത്തും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട്.
കോസ്റ്റ് ഗാർഡിന്റെ കപ്പൽ, ഡോണിയർ വിമാനം, മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട്, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയാണെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം കൈമാറി.
തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അടക്കം ഉപരോധിച്ചുകൊണ്ട് കുടുംബങ്ങളും പ്രതിപക്ഷവും പ്രതിഷേധിച്ച പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

