പുത്തന്‍തെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിന് 16 വയസ്; രക്ഷകർ തീയിൽ പൊലിഞ്ഞ ഓർമയിൽ നാട്
text_fields2009 ഡിസംബര്‍ 31ന് കരുനാഗപ്പള്ളിയിലുണ്ടായ ഗ്യാസ് ടാങ്കർ ദുരന്തത്തിൽ തീയണക്കാൻ ശ്രമിക്കുന്ന
അഗ്നിരക്ഷാ സേനാംഗങ്ങൾ (ഫയൽ ചിത്രം)
കരുനാഗപ്പള്ളി: 12 പേരുടെ ജീവൻ പൊലിഞ്ഞ പുത്തന്‍തെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിന് ബുധനാഴ്ച 16 വർഷം തികയുന്നു. അഗ്നിഗോളം നൽകിയ തീരാവേദനകളുമായി ഇപ്പോഴും നിരവധി പേര് ജീവിതം തള്ളി നീക്കുന്നു. 2009 ഡിസംബര്‍ 31ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഓച്ചിറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ച ടാങ്കർ ലോറി റോഡിനു കുറുകെ മറിഞ്ഞ് ക്യാബിനും ടാങ്കറും വേർപ്പെട്ടു. പാചകവാതകം ചോർന്നുകൊണ്ടിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. രക്ഷാ പ്രവർത്തനത്തിനെത്തിയ ചവറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് പൂർണമായും കത്തി. രക്ഷകരായി എത്തിയവർ ഉൾപ്പെടെ 12 പേർ മരിച്ചു. 21 പേർക്ക് ഗുരുതര പരിക്കേറ്റു. നിരവധി കടകളും 50 ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അഗ്നിക്കിരയായി.
പുത്തന്‍തെരുവ് ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ദേശീയപാതയിൽ 10 മണിക്കൂർ ഗതാഗതം പൂർണമായും സ്തംഭിച്ചു. നാലു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. ആറര മണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷമാണ് തീയണച്ചത്. ഏകദേശം രണ്ടര കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി.
കുലശേഖരപുരം പ്ലാവിള്ള പടീറ്റതിൽ അഷ്റഫ്, പുന്നക്കുളം വലിയത്തു വീട്ടിൽ അബ്ദുൽസമദ്, ചവറ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ചെറിയഴീക്കൽ ആലുംമൂട് വീട്ടിൽ സുനിൽ കുമാർ, കോൺസ്റ്റബിൾ ചവറ കോട്ടയ്ക്കകം വിളയ്ക്കാട്ട് വീട്ടിൽ പ്രദീപ് കുമാർ, കായംകുളം ഫയർസ്റ്റേഷനിലെ ഫയർമാൻ സമീർ, പുത്തൻതെരുവ് വെസ്റ്റേൺ ഇന്ത്യാ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരും അസം സ്വദേശികളുമായ ദശരഥദാസ്, ടിങ്കുദാസ്, ആനയടി സ്വദേശി തുളസീധരൻപിള്ള, ആയൂർ സ്വദേശി അഭിലാഷ്, കടത്തൂർ താഴെ കിഴക്കതിൽ നാസർ, ചിറ്റുമൂല സജീവ് മൻസിലിൽ റഷീദ്, കടത്തൂർ ബിൻഷാദ് മൻസിലിൽ ബിജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിടെ മരണത്തിന് കീഴടങ്ങിയത്.
നാട്ടുകാരായ പുത്തന്‍തെരുവ് സ്വദേശികളായ നിയാസ്, സിയാദ്, കായംകുളം ഫയര്‍സ്റ്റേഷനിലെ വിനോദ്കുമാര്‍, കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷന് ഓഫിസര്‍ വി.സി. വിശ്വനാഥ് എന്നിവര്‍ ഇപ്പോഴും ദുരന്തം നല്കിയ പാടുകളുമായി കഴിയുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാറും ഇന്ത്യൻ ഓയിൽ കോർപറേഷനും നഷ്ടപരിഹാരം നൽകി. സുനാമി ദുരന്തത്തിനുശേഷം കരുനാഗപ്പള്ളിയിലുണ്ടായ മറ്റൊരു വലിയ ദുരന്തമായിരുന്നു ഗ്യാസ് ടാങ്കര്‍ അപകടം.
ദുരന്തത്തിന്റെ ബാക്കിപത്രമായി ദേശീയപാതയ്ക്കരികിൽ കാടുമൂടിക്കിടന്ന ഗ്യാസ് ടാങ്കര്‍ ലോറി ദേശീയപാത വികസനം തുടങ്ങിയ സമയത്താണ് എടുത്തുമാറ്റിയത്. ദുരന്തശേഷം അന്വേഷണം നടത്തി നാലുപേരെ പ്രതികളാക്കി കേസെടുത്തിരുന്നു. വാഹനത്തിന്റെ പഴക്കവും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് പ്രാഥമിക ഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം, പാചകവാതകവുമായി പോകുന്ന ടാങ്കര്‍ ലോറികള്‍ ഭീതിയുണര്ത്തിയാണ് ഇപ്പോഴും ദേശീയപാത വഴി കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

