Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പാകളിൽ 16കാരി ഇരയായത് ക്രൂരപീഡനത്തിന്; മാതൃസഹോദരിയും ഭർത്താവും കസ്റ്റഡിയിൽ

text_fields
bookmark_border
സ്പാകളിൽ 16കാരി ഇരയായത് ക്രൂരപീഡനത്തിന്; മാതൃസഹോദരിയും ഭർത്താവും കസ്റ്റഡിയിൽ
cancel

തിരുവനന്തപുരം: കോവളത്തെ സ്പാകളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ കുട്ടിയുടെ മാതൃസഹോദരിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ആന്ധ്രാപ്രദേശ് പുട്ടപർത്തിയിൽനിന്ന് കസ്റ്റഡിയിലെടുത്ത നാഗലക്ഷ്മി, ഗോപി എന്നിവരെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ആന്ധ്ര സ്വദേശിനിയായ 16കാരിയെ ജോലിക്കെന്ന പേരിൽ സ്പാകളിൽ എത്തിച്ചത് ഇരുവരും ചേർന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭർത്താവുമാണ് ഏറ്റെടുത്തിരുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങൾ നടന്നത്.

ഇതിനുപുറമേ ചെന്നൈയിലെയും മുംബൈയിലെയും ചില സ്പാകളിൽവെച്ചും പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ സ്പാ നടത്തിപ്പുകാരായ സജിത് കുമാർ, നിഷാന്ത് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പീഡനം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടി കോവളത്തുവെച്ച് പരിചയപ്പെട്ട യുവാവിനോട് ദുരനുഭവങ്ങൾ വെളിപ്പെടുത്തുകയും ഇയാൾക്കൊപ്പം മാറിനിൽക്കുകയുമായിരുന്നു.

തുടർന്ന് മാതൃസഹോദരി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പെൺകുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നത്. 16 വയസ്സും 20 വയസ്സും രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകൾ പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിച്ചതോടെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുകയായിരുന്നു.

ഷെൽട്ടർ ഹോമിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിലാണ് ദീർഘകാലമായി നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ച് പെൺകുട്ടി തുറന്നുപറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്പാകൾ കേന്ദ്രീകരിച്ചുള്ള അനധികൃത പ്രവർത്തനങ്ങൾ തടയാൻ സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം അനുമതിയില്ലാതെ പ്രവർത്തിച്ച 40ലധികം സ്പാകൾ അധികൃതർ കണ്ടെത്തി അടച്ചുപൂട്ടിയതായാണ് വിവരം. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ പരിശോധനകൾ തുടരുകയാണ്.

അതേസമയം, സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊന്തുന്ന സ്പാകളെ നിയന്ത്രിക്കാൻ നിയമനിർമാണത്തെ പറ്റി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആരാണ് സ്പാകൾ ആരംഭിക്കുന്നതെന്നോ എന്താണ് ഇവർ ചെയ്യുന്നതെന്നോ ആർക്കും വലിയ പിടിയില്ല. ഇവിടങ്ങളിൽ ലൈംഗികചൂഷണം നടത്തുന്നത് പ്രധാന പ്രശ്നമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കേരള പൊലീസ് ‘ഓപറേഷൻ’ സ്പാ എന്ന പദ്ധതി നടപ്പാക്കുകയാണ്. അനധികൃതമായി സ്പാകൾ നടത്തുകയും അവിടെയൊക്കെ ലൈംഗിക ചൂഷണം വ്യാപകമാവുകയും ചെയ്യുന്നു എന്ന പരാതി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുനാല് ദിവസമായി കേരളത്തിൽ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുന്നുണ്ട്.

സർക്കാറും പൊലീസും ഓപറേഷൻ സ്പാ വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. യാതൊരു നിയമവും പാലിക്കാതെ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഉടനീളം സ്പാകൾ ആരംഭിക്കുകയാണ്. ഇത് ആരാണ് ആരംഭിക്കുന്നതെന്നോ എന്ത് ആണ് ഇവർ ചെയ്യുന്നതെന്നോ ആർക്കും വലിയ പിടിയില്ല. ഇക്കാര്യത്തിൽ നിയമനിർമാണത്തെ പറ്റി സർക്കാർ ഗൗരവമായി ആലോചിക്കുകയാണ്.

പെൺകുട്ടികളെ ചൂഷണം ചെയ്യുക, കുടുംബങ്ങളെ ചൂഷണം ചെയ്യുക, ആളുകളെ വഞ്ചിക്കുക, അതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്ന നിലയിലാണ് ഇത്തരം സ്പാകൾ പ്രവർത്തിക്കുന്നത്. ലൈംഗിക ചൂഷണം ഒരു പ്രധാന പ്രശ്നമായി ഉയർന്നു വന്നിട്ടുണ്ട്.

ജോലി ചെയ്യാൻ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സ്ത്രീകളെ കൊണ്ടുവരികയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നത് സംബന്ധിച്ച് നിരവധി പരാതികൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അന്വേഷണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 16-Year-Old Sent To Spas By Aunt And Husband; Duo In Custody
Next Story