16കാരിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കി, യുവാവിന്‍റേത് ആത്മഹത്യ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
text_fieldsകോഴിക്കോട്: കോഴിക്കോട് മൂഴിക്കലിൽ 16 കാരി നസ്രീന കൊല്ലപ്പെട്ട കേസിൽ പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയെ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അദിനാൻ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോർട്ടിലുണ്ട്. കൊലപാതകം നടന്ന ദിവസം വൈകിട്ട് 7.30ഓടെ അദിനാൻ വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ പടക്കം പൊട്ടിക്കുന്നതിനിടെ, ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടുക്കള ഭാഗത്തെ വാതിലിലൂടെയാണ് ഇയാൾ അകത്ത് കയറിയത്. അടുക്കള ഭാഗത്തെ സി.സി.ടി.വി ക്യാമറയിൽ ഇയാൾ എത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് അന്വേഷണത്തിൽ നിർണായകമായി. വീട്ടിലെ മിക്ക സി.സി.ടി.വി ക്യാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്.
നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം പിടിയിലാകുമെന്ന ഭയത്താലാണ് അദിനാൻ ജീവനൊടുക്കിയതെന്നാണ് പൊലീസ് വിലയിരുത്തൽ.10 മണിക്കൂറോളമാണ് അദിനാൻ കൃത്യം നടത്താനായി വീട്ടിനുള്ളിൽ ചെലവഴിച്ചത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ അദിനാൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അദിനാന്റെ മരണത്തിൽ ചിലർ ദുരൂഹത ഉയർത്തിയെങ്കിലും അടച്ചിട്ട മുറിയിലെ മരണമായതിനാൽ പൊലീസ് കണക്കിലെടുത്തില്ല.
അദിനാൻ വീട്ടിനുള്ളിൽ കയറുന്നത് സി.സി.ടിവിയിൽ പതിയാതിരിക്കാൻ കാമറ തിരിച്ചുവച്ചതായും പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിനുള്ളിൽ കയറിയ അദിനാൻ എല്ലാവരും ഉറങ്ങുന്നത് വരെ ഒളിച്ചിരുന്നു. അദിനാൻ വീട്ടിലേക്ക് വരുന്നതിന്റെ സി.സി.ടി.വി ദൃശ്യം സമീപത്തെ ഹാർഡ് വെയർ കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സെല്ലോ ടേപ്പുൾപ്പെടെയുളള വസ്തുക്കളാന്നും കൈയിൽ ഉണ്ടായിരുന്നില്ല.
ഇയാൾ നേരത്തെ ഇതേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അദിനാന്റെ മോഷണ സ്വഭാവത്തെക്കുറിച്ച് നസ്രീന വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിലുള്ള പകയാകാം പെൺകുട്ടിയെ വകവരുത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

