പാലക്കാട്: റെയിൽവേ സ്റ്റേഷനുകൾ ഇനി പൂർണമായും വിഡിയോ കാമറ നിരീക്ഷണത്തിൽ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 16 സ്റ്റേഷനുകളിൽ അത്യാധുനിക നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി. ആലപ്പുഴ, ആലുവ, ചെങ്ങന്നൂർ, എറണാകുളം ടൗൺ, കായംകുളം, തിരുവല്ല, പാലക്കാട് ജങ്ഷൻ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകളാണ് നിരീക്ഷണത്തിലാക്കിയത്.
മുന്നൂറോളം കാമറകളാണ് സ്ഥാപിച്ചത്. സുരക്ഷ മുൻനിർത്തിയും യാത്രക്കാരുടെ തിരക്ക് നിരീക്ഷിക്കാനും മറ്റും ലക്ഷ്യമിട്ടാണിത്. കോഴിക്കോട്, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിൽ മാത്രമേ നേരേത്ത സി.സി.ടി.വി കാമകൾ ഉണ്ടായിരുന്നുള്ളൂ. ചെന്നൈയിലെ സോൺ ആസ്ഥാനത്തും ഡിവിഷൻ ആസ്ഥാനങ്ങളിലും കാമറകൾ നിരീക്ഷിക്കാൻ കണക്ടിവിറ്റി സംവിധാനമുണ്ട്. 9.45 കോടി രൂപ െചലവഴിച്ചാണ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതെന്ന് റെയിൽവേ അറിയിച്ചു.