സംസ്ഥാനത്ത് 158 പാലങ്ങൾ അതീവ അപകടാവസ്ഥയിൽ
text_fieldsതൃശൂർ: സംസ്ഥാനെത്ത പ്രധാന റോഡുകളിലെ 158 പാലങ്ങളും മുന്നൂറോളം കലുങ്കുകളും അതീവ അപകടഭീഷണിയിൽ. പൊതുമരാമത്ത് വകുപ്പിെൻറ റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം പാലങ്ങളുടെ സ്ഥിതി സംബന്ധിച്ച നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അടിയന്തരമായി ഇത് പൊളിച്ച് പണിയണമെന്നാണ് ശിപാർശ. പൊതുമരാമത്ത് നിരത്ത്/പാലം വിഭാഗത്തിന് കീഴിൽ 2249 പാലങ്ങളാണുള്ളത്.
ദേശീയപാതകളിൽ 246 പാലങ്ങളാണുള്ളത്. സാങ്കേതിക പരിശോധന പ്രകാരം ദേശീയപാത 49ലെ (പുതിയ എൻ.എച്ച് 85) പെരുമുറ്റം പാലം അടിയന്തരമായി പുനർനിർമിക്കേണ്ടതുണ്ട്. നിരവധി സ്ഥലങ്ങളിൽ ഗതാഗത കുരുക്കിന് കാരണം വീതി കുറഞ്ഞ പാലങ്ങളാണെന്ന് നിരത്ത്/പാലം വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതൽ പാലങ്ങളും കലുങ്കുകളും പുനർനിർമിക്കാനുള്ളത് ആലപ്പുഴ, തൃശൂർ ജില്ലകളിലാണ്. 21 വീതം പാലങ്ങളാണ് ഇവിടെ അതീവ അപകടഭീഷണിയിലുള്ളത്. തിരുവനന്തപുരം -16, കൊല്ലം -15, പത്തനംതിട്ട -ഒമ്പത്, കോട്ടയം-19, എറണാകുളം -നാല്, ഇടുക്കി -ഏഴ്, പാലക്കാട് -12, മലപ്പുറം -ആറ്, കോഴിക്കോട് -ഏഴ്, വയനാട് -ഏഴ്, കണ്ണൂർ -13, കാസർകോട് -ഒന്ന് എന്നിങ്ങനെയാണ് അപകടഭീഷണിയിലുള്ള പാലങ്ങളെ സംബന്ധിച്ച് പൊതുമരാമത്തിെൻറ കണക്ക്. പാലങ്ങൾക്കൊപ്പം കുരുക്കിന് കാരണമാവുന്ന കലുങ്കുകളുമുണ്ട്. മുന്നൂറോളം കലുങ്കുകൾ അടിയന്തരമായി വീതി കൂട്ടി പുനർനിർമിക്കണമെന്ന് റിപ്പോർട്ട് പറയുന്നു.
ഏനാത്ത്പാലം തകർന്നതിനെ തുടർന്നുയർന്ന പരാതിയുടെയും ആരോപണത്തിെൻറയും പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ പാലങ്ങളുടെ സ്ഥിതി സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് വിവര ശേഖരണം നടത്തിയത്. പാലങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിെൻറ ഭാഗമായി സംസ്ഥാനത്തെ എല്ലാ പാലങ്ങളും ആറ് മാസത്തിലൊരിക്കൽ അസി. എക്സി. എൻജിനീയർ തലത്തിലും വർഷത്തിലൊരിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ തലത്തിലും പരിശോധന നടത്താനും ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആവശ്യമായ അറ്റക്കുറ്റപ്പണികൾ നിർവഹിക്കുന്നതിന് സ്ഥിരം സംഘത്തെ നിയമിക്കുന്നതിനുള്ള ആലോചനയിലാണ് പൊതുമരാമത്ത് വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
